സ്വപ്‌നമല്ല, അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആറ് വട്ടം അണ്ടര്‍ 20 ലോക കിരീടം ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ സംഘത്തെ ഇന്ത്യയുടെ യുവത്വം തോല്‍പ്പിച്ച് വിട്ടത്
സ്വപ്‌നമല്ല, അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം

അര്‍ജന്റീനയെ ചങ്കിടിപ്പായി കാണുന്ന ആരാധകരുണ്ട് കേരളത്തില്‍. അങ്ങിനെയുള്ളവരെ ഈ വാര്‍ത്ത സന്തോഷിപ്പിക്കുമോ, സങ്കടപ്പെടുത്തുമോ? ഇന്ത്യന്‍ അണ്ടര്‍ 20 സംഘം തകര്‍ത്തുവിട്ടിട്ടുണ്ട് അര്‍ജന്റീനയെ. 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആറ് വട്ടം അണ്ടര്‍ 20 ലോക കിരീടം ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ സംഘത്തെ ഇന്ത്യയുടെ യുവത്വം തോല്‍പ്പിച്ച് വിട്ടത്. സ്‌പെയിനില്‍ നടക്കുന്ന കോടിഫ് ടൂര്‍ണമെന്റിലായിരുന്നു അര്‍ജന്റീനയ്ക്കുള്ള ഇന്ത്യയുടെ പ്രഹരം. 

ആദ്യ പകുതിയില്‍ 1-0ന് ഇന്ത്യ ലീഡ് നേടിയിരുന്നു. 70ാം മിനിറ്റിലും ഇന്ത്യ ലീഡ് നിലനിര്‍ത്തിയതോടെ അര്‍ജന്റീന പരുക്കന്‍ കളി പുറത്തെടുത്തു. റഹിം അലിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത അന്‍വര്‍ അലിയുടെ ബൂട്ടില്‍ നിന്നും ബുള്ളറ്റ് പോലെ പാഞ്ഞ പന്ത് ക്രോസ് ബാറിലും തട്ടി വലയ്ക്കുള്ളിലേക്ക്. 

72ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധം തകര്‍ത്ത് വല കുലുക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന് ആയെങ്കിലും സമനില പിടിക്കാന്‍ അവര്‍ക്കായില്ല. 56, 61 മിനിറ്റുകളില്‍ ഗോളെന്ന് ഉറപ്പിച്ച അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ ഗോളി പ്രഭ്‌സൂഖന്‍ ഗില്‍ തട്ടിത്തെറിപ്പിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ അനികേത് ജാദവ് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേക്കു പോയിരുന്നു. പക്ഷേ പത്ത് പേരായി ചുരുങ്ങിയതിന്റെ ആശങ്ക ഇന്ത്യന്‍ ടീമിന്റെ കുതിപ്പില്‍ കണ്ടില്ല. ഇന്ത്യന്‍ ദേശീയ ടീം ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ജയിച്ച് ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യയെ ചര്‍ച്ചയാക്കുന്നതിന് ഇടയിലാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ യുവത്വവും എന്നെന്നും ഓര്‍മിക്കാന്‍ ഒരു ജയവുമായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com