80 മിനുട്ടോളം അവരെ വരച്ച വരയില്‍ നിര്‍ത്തി; ഓര്‍മ്മയുണ്ടോ അര്‍ജന്റീനയെ ഇന്ത്യ വിരട്ടിയ ദിവസം?

ഇപ്പോഴിതാ സമാനമായൊരു മത്സരം ഓര്‍മിപ്പിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍
80 മിനുട്ടോളം അവരെ വരച്ച വരയില്‍ നിര്‍ത്തി; ഓര്‍മ്മയുണ്ടോ അര്‍ജന്റീനയെ ഇന്ത്യ വിരട്ടിയ ദിവസം?

കഴിഞ്ഞ ദിവസം ഇന്ത്യന്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സമാനമായൊരു മത്സരം ഓര്‍മിപ്പിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍. 1984ല്‍ അര്‍ജന്റീനയെ വിറപ്പിച്ച ഇന്ത്യന്‍ ടീമിനെ ഓര്‍മിക്കുകയാണ് അദ്ദേഹം. തന്റെ ഫെയ്‌സ്ബുക്ക്പേജിലിട്ട കുറിപ്പിലാണ് അന്നത്തെ കളിയുടെ ആവേശം അദ്ദേഹം വിവരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം. 
 
ഡീഗോ മാറഡോണ ഒഴികെയുള്ള കൊലകൊമ്പന്മാര്‍ എല്ലാമുണ്ടായിരുന്നു ആ അര്‍ജന്റീന ടീമില്‍. 1986 ലെ മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിക്കെതിരെ ഗോളടിച്ച യോര്‍ജെ ബുറുഷാഗ, ഡിഫന്‍ഡര്‍ ഓസ്‌കര്‍ ഗാരെ, മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ ജിയൂസ്റ്റി, ഗോള്‍കീപ്പര്‍ നെറി പുംപിഡോ... അങ്ങനെ ചോരത്തിളപ്പുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍. സാക്ഷാല്‍ കാര്‍ലോസ് ബിലാര്‍ഡോ പരിശീലിപ്പിച്ച ആ അര്‍ജന്റീനിയന്‍ പടയെ നഖശിഖാന്തം വിറപ്പിച്ചുവിട്ട പഴയൊരു ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്‌പെയിനിലെ കോട്ടിഫ് കപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യയുടെ അണ്ടര്‍  20 ടീം അര്‍ജന്റീനയെ 2  1 ന് അട്ടിമറിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മവന്നത് ആ ഇന്ത്യന്‍ താരനിരയെയാണ്.

പിന്നെ വൈകിയില്ല. അലോക് മുഖര്‍ജിയെ ഫോണില്‍ വിളിച്ചു. 1984ലെ ആ ചരിത്രപ്രസിദ്ധമായ നെഹ്‌റു കപ്പ് ലീഗ് പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിരോധത്തില്‍ മഹാമേരുവിനെ പോലെ തലയുയര്‍ത്തിനിന്ന ഈസ്റ്റ് ബംഗാള്‍ താരം. സത്യം പറയാമല്ലോ. അര്‍ജന്റീനയെ തോല്‍പ്പിച്ച വാര്‍ത്ത ടെലിവിഷനില്‍ കേട്ടപ്പോള്‍ എനിക്കും ആദ്യം ഓര്‍മവന്നത് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ആ പഴയ പോരാട്ടമാണ്. തീയതി പോലും മറന്നിട്ടില്ല ഞാന്‍  ജനുവരി 14. എങ്ങനെ മറക്കാന്‍? 80 മിനുട്ടോളം നമ്മള്‍ അവരെ വരച്ച വരയില്‍ നിര്‍ത്തിയതല്ലേ. ഒരു ഗോളിന് പിന്നിലായ ശേഷം ഇന്ത്യ കളിച്ച വീറുറ്റ കളിയുണ്ടല്ലോ  ഇന്നും അതോര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകും; ചോര തിളയ്ക്കും...'' അലോകിന്റെ വാക്കുകളില്‍ ആവേശത്തിരയിളകുന്നു.

ആ അവസാന പത്തു മിനുട്ടില്‍ ചരുങ്ങിയത് മൂന്ന് തവണയെങ്കിലും ഗോള്‍ മടക്കുന്നതിന് തൊട്ടടുത്തെത്തി ഇന്ത്യ. ഷബീര്‍ അലിയുടെ ഹാഫ് വോളി പുംപിഡോയുടെ സുരക്ഷിതമായ കരങ്ങളെയും കടന്ന് അര്‍ജന്റീനയുടെ വലയില്‍ എത്തിയതാണ് ഒരിക്കല്‍. പക്ഷേ റഫറി ഓഫ് സൈഡ് വിളിച്ചുകളഞ്ഞു. അലോക് മുക്കര്‍ജിയുടെതായിരുന്നു അടുത്ത ഊഴം. ടച്ച് ലൈനിന് സമാന്തരമായി ഒറ്റയ്ക്ക് പന്തുമായി കുതിച്ചു കയറി വന്ന അലോകിനെ ബോക്‌സിന് തൊട്ടുപുറത്തു വെച്ച് ജൂലിയന്‍ കാമിനോ ആപല്‍ക്കരമായി ടാക്കിള്‍ ചെയ്യുന്നു. നിലത്തുവീണിട്ടും പന്തിലെ നിയന്ത്രണം കൈവിട്ടില്ല അലോക്. കിടന്ന കിടപ്പില്‍ ബികാഷ് പാഞ്ചിക്ക് ഒരു ബാക്ക് പാസ്. പക്ഷേ അതിനകം സ്വന്തം ഗോള്‍മുഖത്ത് അര്‍ജന്റീന ആള്‍ക്കൂട്ടം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.

കളി തീരുന്നതിന് ഒരു നിമിഷം മുന്‍പായിരുന്നു അവസാനത്തെ ഇന്ത്യന്‍ മുന്നേറ്റം. പേം ദോര്‍ജിയുടെ പാസുമായി ഓസ്‌കര്‍ ഗാരെയെയും അഗ്വിറോയെയും വെട്ടിച്ച് ബോക്‌സില്‍ കടന്നുചെന്ന നരീന്ദര്‍ ഥാപ്പ വലംകാല്‍ കൊണ്ട് മിന്നിച്ച ഷോട്ട് എതിര്‍ സ്‌റ്റോപ്പര്‍മാരെയും പുംപിഡോയെയും കടന്ന് വലയിലേക്ക്. എണ്‍പത്തിനായിരത്തോളം വരുന്ന ജനക്കൂട്ടം വീര്‍പ്പടക്കി കാത്തുനിന്ന നിമിഷം. പക്ഷേ ഭാഗ്യം അവിടെയും അര്‍ജന്റീനയെ തുണച്ചു. ശൂന്യതയില്‍ നിന്നെന്നോണം ബോക്‌സില്‍ പൊട്ടിവീണ ജൂലിയന്‍ കാമിനോ ഗോള്‍ ലൈനില്‍ വെച്ച് പന്തിന്റെ ഗതി തിരിച്ചുവിടുന്നു. തൊട്ടുപിന്നാലെ അവസാന വിസില്‍. അര്‍ജന്റീന 1; ഇന്ത്യ 0. (അന്ന് അര്‍ജന്റീനയെ ഞെട്ടിച്ച ഗൂര്‍ഖാ താരം നരീന്ദര്‍ ഥാപ്പ പക്ഷാഘാതമേല്‍പ്പിച്ച തളര്‍ച്ചയോട് മല്ലടിച്ച് കൊല്‍ക്കത്തയില്‍ വിശ്രമജീവിതത്തിലാണിന്ന്. ഭഭസംസാരിക്കാന്‍ പോലും പ്രയാസമാണ് നരീന്ദറിന്. പഴയ കളിക്കൂട്ടുകാരെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയും'' അലോക് പറയുന്നു.)

റിക്കാര്‍ഡോ ഗരേക്കയുടെ വകയായിരുന്നു എണ്‍പതാം മിനുട്ടില്‍ അര്‍ജന്റീനയുടെ വിജയഗോള്‍. ഡാനിയേല്‍ പോണ്‍സേയുടെ ഒരു വോളി ക്ലിയര്‍ ചെയ്യുന്നതില്‍ ഗോള്‍കീപ്പര്‍ അതനു ഭട്ടാചാര്യ വരുത്തിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഡൈവ് ചെയ്യാനുയര്‍ന്ന അതനുവിന്റെ കൈകളെ ഒഴിഞ്ഞുപോയ പന്ത് പറന്നെത്തിയത് ഗരേക്കയുടെ മുന്നില്‍. നെഞ്ചില്‍ വന്നു വീണ പന്ത് നിലം തൊടും മുന്‍പ് പോസ്റ്റിലേക്ക് തൊടുക്കുന്നു ഗരേക്ക. ഭഭഗരേക്ക ആയിരുന്നു യഥാര്‍ത്ഥത്തില്‍ അന്നത്തെ താരം. ബുറുഷാഗയെ പോലുള്ള മുന്‍നിരക്കാര്‍ പോലും മങ്ങിപ്പോയപ്പോള്‍ അര്‍ജന്റീനയുടെ രക്ഷകനായി അവതരിച്ചത് ഗരേക്കയാണ്.'' അലോകിന്റെ വാക്കുകള്‍. ഇതേ ഗരേക്കയുടെ ഗോളടി മികവാണ് രണ്ടു വര്‍ഷം കഴിഞ്ഞു 1986 ല്‍ അര്‍ജന്റീനയെ മെക്‌സിക്കോ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തിച്ചത് എന്ന് കൂടി അറിയുക. കളി നിര്‍ത്തിയ ശേഷം കോച്ചിംഗിലേക്ക് മാറിയ ഗരേക്ക ഇക്കഴിഞ്ഞ ലോകകപ്പിന് റഷ്യയില്‍ എത്തിയിരുന്നു  പെറുവിന്റെ പരിശീലകനായി.

അപകര്‍ഷതാബോധം വെടിഞ്ഞ് ശക്തരായ എതിരാളികളെ ചുണയോടെ നേരിടാന്‍ ഞങ്ങളെ സഹായിച്ചത് സെര്‍ബിയന്‍ കോച്ച് സിറിച്ച് മിലോവന്റെ പിന്തുണയാണ്.'' ഫുഡ് കോര്‍പ്പറേഷനില്‍ നിന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയി വിരമിച്ച അലോക് മുക്കര്‍ജി പറയുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ കോച്ച് ആയിരുന്നു മിലോവന്‍. രണ്ടാം തരം പൗരന്മാരുടെ പരിഗണനയാണ് നമ്മുടെ നാട്ടില്‍ അതുവരെ ഫുട്ബാളര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. മിലോവന്‍ വന്നതോടെ ആ സ്ഥിതി മാറി. കളിക്കാരെ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ അന്തസ്സോടെ കണ്ടുതുടങ്ങി. വിമാന യാത്ര, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം.... അതുവരെ സ്വപ്നം കാണാന്‍ പോലും ആകുമായിരുന്നില്ലാത്ത സൗകര്യങ്ങളാണ് മിലോവന്‍ ഞങ്ങള്‍ക്ക് നേടിത്തന്നത്. ടീമിന്റെ കളിയിലും പ്രതിഫലിച്ചു ആ മാറ്റം.''

അര്‍ജന്റീനക്കെതിരായ മത്സരത്തിലുടനീളം ബെഞ്ചിലിരിക്കാതെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അര്‍ജന്റീന കോച്ച് കാര്‍ലോസ് ബിലാര്‍ഡോയുടെ ചിത്രം ഇന്നുമുണ്ട് അലോകിന്റെ ഓര്‍മ്മയില്‍. മത്സര ശേഷം ബിലാര്‍ഡോ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ വന്ന് കളിക്കാരെ അഭിനന്ദിച്ചതും ഓര്‍ക്കുന്നു. അധികം വൈകാതെ ലോകകപ്പ് കളിക്കാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ ആശംസ.. ആ ഭാഗ്യം ഇന്ത്യക്ക് ഇന്നും കയ്യെത്താ ദൂരത്തു തന്നെ. പക്ഷേ ബിലാര്‍ഡോയുടെ അര്‍ജന്റീന രണ്ടു വര്‍ഷം കഴിഞ്ഞു ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിച്ചു. മറഡോണയുടെ ഐന്ദ്രജാലിക പ്രകടനത്തിന്റെ പിന്‍ബലത്തോടെ ചാമ്പ്യന്‍മാരാകുകയും ചെയ്തു.

അര്‍ജന്റീനയെ വിറപ്പിച്ച ആ ഇന്ത്യന്‍ ടീം ഇതാ: അതനു ഭട്ടാചാര്യ, അബ്ദുള്‍ മജീദ്, മനോരഞ്ജന്‍ ഭട്ടാചാര്യ, തരുണ്‍ ഡേ, അലോക് മുക്കര്‍ജി, ബികാഷ് പാഞ്ചി, പ്രശാന്ത ബാനര്‍ജി, പര്‍മീന്ദര്‍ സിംഗ്, ബിശ്വജിത് ഭട്ടാചാര്യ, നരീന്ദര്‍ ഥാപ്പ, ഷബീര്‍ അലി . പകരക്കാര്‍: പേം ദോര്‍ജി, ബിദേശ് ബോസ്, കിഷാനു ഡേ. കോച്ച്: സിറിച്ച് മിലോവന്‍. സഹ പരിശീലകര്‍: സാന്തോ മിത്ര, അംജദ് ഖാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com