ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ, ടീമില്‍ വലിയ അഴിച്ചുപണിയെന്ന് സൂചന

രഹാനേയ്ക്ക് പകരമായിട്ടാകും പൂജാര ചിലപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക
ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ, ടീമില്‍ വലിയ അഴിച്ചുപണിയെന്ന് സൂചന

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് അവസാനിച്ചപ്പോഴേക്കും പരിഹരിക്കപ്പെടേണ്ടതായുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിന് മുകളില്‍ കുമിഞ്ഞു കൂടിയിരുന്നു. രണ്ട് സ്പിന്നര്‍മാരെ ഇറക്കിയും ധവാനെ മാറ്റിയും ലോര്‍ഡ്‌സില്‍ നാണം കെടുന്നതില്‍ നിന്നും രക്ഷ നേടുന്നതിനുള്ള വഴികള്‍ മുന്നില്‍ കണ്ടായിരിക്കും കോഹ് ലി രണ്ടാം ടെസ്റ്റിനിറങ്ങുക. 

സാം കറന്‍ തുടങ്ങിവെച്ച വേട്ട ബെന്‍  സ്റ്റോക്കും, ആന്‍ഡേഴ്‌സനും കൂടി അവസാനിപ്പിച്ചായിരുന്നു ഇന്ത്യയുടെ മൂക്കില്‍ തുമ്പില്‍ നിന്നും ജയം തട്ടിയകറ്റിയത്. കോഹ് ലിയെ മാത്രം ആശ്രയിച്ച ബാറ്റിങ് നിരയായിരുന്നു ഇവിടെ ഇന്ത്യയെ തോല്‍പ്പിച്ചത്. 

രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ബാറ്റിങ് നിരയില്‍ കോഹ് ലി അഴിച്ചു പണികള്‍ നടത്തുമെന്നാണ് സൂചന. ധവാനെ മാറ്റി ഓപ്പണര്‍ സ്ഥാനത്തേക്ക് രാഹുല്‍ എത്തിയേക്കും. രഹാനേയ്ക്ക് പകരമായിട്ടാകും പൂജാര ചിലപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക. അങ്ങിനെയെങ്കില്‍ പൂജാര മൂന്നാമത് ബാറ്റ് ചെയ്യുകയും കോഹ് ലി ബാറ്റിങ് ഓര്‍ഡറില്‍ നാലമതേക്ക് ഇറങ്ങുകയും ചെയ്യും. 

കരുണ്‍ നായര്‍ പ്ലേയിങ് ഇലവനില്‍ എത്തിയേക്കാന്‍ സാധ്യതയുമുണ്ട്. ഭുവനേശ്വര്‍ കുമാര്‍ ലോര്‍ഡ്‌സിലും കളിക്കാനിറങ്ങില്ല എന്ന് വ്യക്തമായതോടെ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആര്‍.അശ്വിന്‍ എന്നിവര്‍ തന്നെയാകും രണ്ടാം ടെസ്റ്റിലും ബൗളിങ് നയിക്കുക. 

രണ്ട് സ്പിന്നര്‍മാരെ ലോര്‍ഡ്‌സില്‍ പരീക്ഷിച്ചേക്കുമെന്ന സൂചന കോഹ് ലി നല്‍കിയിരുന്നു. രവീന്ദ്ര ജഡേജ, കുല്‍ദീപ് എന്നിവരില്‍ ആര്‍ക്ക് നറുക്കു വീഴും എന്നാണ് ഇനി അറിയേണ്ടത്.  ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സഹായിക്കുന്ന പിച്ചാണ് ലോര്‍ഡ്‌സിലേത്. കളി പുരോഗമിക്കുംതോറും പിച്ച് ദുര്‍ബലമാകുന്നതിന്റെ സാധ്യതകള്‍ സ്പിന്നര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും കോഹ് ലി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇംഗ്ലണ്ടിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ബെന്‍ സ്‌റ്റോക്കിന്റെ അഭാവമായിരിക്കും അവരെ വലയ്ക്കുക. എഡ്ജ്ബാസ്റ്റണിലെ രണ്ടാം ഇന്നിങ്‌സില്‍ കോഹ് ലിയെ പുറത്താക്കി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിച്ചത് സ്‌റ്റോക്കായിരുന്നു. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന മലന് പകരം ഒലി പോപ് പ്ലേയിങ് ഇലവനിലേക്ക് എത്തി. പോപ്പിന്റെ അരങ്ങേറ്റ മത്സരമായിരിക്കും ലോര്‍ഡ്‌സിലേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com