ഇതാണ് നായകന്‍! ഹാട്രിക്ക് വിക്കറ്റുകളും 49 പന്തില്‍ 121 റണ്‍സും നേടി കത്തിക്കയറി ആന്ദ്രെ റസ്സല്‍ (വീഡിയോ)

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഉജ്ജ്വലമാക്കി ആന്ദ്രെ റസ്സല്‍. വിക്കറ്റുകള്‍ കൊഴിഞ്ഞ് തകര്‍ന്നുപോയി തോല്‍വി മുന്നില്‍ കണ്ട ടീമിനെ ഒറ്റയ്ക്ക് അസാധ്യമായൊരു വിജത്തിലേക്ക് നയിക്കുക
ഇതാണ് നായകന്‍! ഹാട്രിക്ക് വിക്കറ്റുകളും 49 പന്തില്‍ 121 റണ്‍സും നേടി കത്തിക്കയറി ആന്ദ്രെ റസ്സല്‍ (വീഡിയോ)

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഉജ്ജ്വലമാക്കി ആന്ദ്രെ റസ്സല്‍. വിക്കറ്റുകള്‍ കൊഴിഞ്ഞ് തകര്‍ന്നുപോയി തോല്‍വി മുന്നില്‍ കണ്ട ടീമിനെ ഒറ്റയ്ക്ക് അസാധ്യമായൊരു വിജത്തിലേക്ക് നയിക്കുക. ഹാട്രിക്ക് വിക്കറ്റും സെഞ്ച്വറിയും നേടിയാണ് റസ്സല്‍ ടീമിനെ തോളിലേറ്റി ക്യാപ്റ്റന്‍ റോള്‍ ഭംഗിയാക്കിയത്. 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സി.പി.എല്‍) ടീം ജമൈക്ക ടല്ലാവാസിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലാണ് ബാറ്റു കൊണ്ടും പന്ത് കൊണ്ടും പുറത്തെടുത്ത ഒറ്റയാള്‍ പ്രകടനത്തിലൂടെ റസ്സല്‍ ടീമിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റു ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരെ ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കിയ റസ്സല്‍, മറുപടി ബാറ്റിങ്ങിനിടെ കൂട്ടത്തകര്‍ച്ച നേരിട്ട ജമൈക്കയ്ക്കായി 49 പന്തില്‍ 121 റണ്‍സും നേടി. റസ്സലിന്റെ ഒറ്റയാള്‍ പോരാട്ടം ടീമിന് സമ്മാനിച്ചത് നാല് വിക്കറ്റ് വിജയം.

ടോസ് നേടിയ ജമൈക്ക ടല്ലാവാസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കളം നിറഞ്ഞ് കളിച്ച ന്യൂസിലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (42 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 61), ബ്രണ്ടന്‍ മക്കെല്ലം (27 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സും സഹിതം 56 റണ്‍സ്), ഓസീസ് താരം ക്രിസ് ലിന്‍ (27 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 46) എന്നിവരുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ട്രിന്‍ബാഗോ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്തു. 

നൈറ്റ് റൈഡേഴ്‌സ് സ്‌കോര്‍ 200 കടന്നതിനു പിന്നാലെയാണ് റസ്സല്‍ ഹാട്രിക്ക് സ്വന്തമാക്കിയത്. റസ്സല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലയിലായിരുന്നു നൈറ്റ് റൈഡേഴ്‌സ്. ബ്രണ്ടന്‍ മക്കെല്ലം, ഡാരന്‍ ബ്രാവോ (16 പന്തില്‍ 29) എന്നിവരായിരുന്നു ക്രീസില്‍. നൈറ്റ് റൈഡേഴ്‌സ് 240 കടക്കുന്ന അവസ്ഥ. റസ്സലിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ മക്കെല്ലം, കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ നൈറ്റ് റൈഡേഴ്‌സിന് സമ്മാനിച്ചു. രണ്ടാം പന്തില്‍ റസ്സല്‍ വിശ്വരൂപം കാട്ടി. ഫുള്‍ടോസായെത്തിയ പന്ത് അടിച്ചകറ്റാനുള്ള മക്കെല്ലത്തിന്റെ ശ്രമം പാളി. പന്ത് നേരെ കീറന്‍ പവലിന്റെ കൈകളിലേക്ക്. അടുത്തത് ബ്രാവോയുടെ ഊഴം. റസ്സലിന്റെ തകര്‍പ്പന്‍ യോര്‍ക്കര്‍ ബ്രാവോയുടെ കുറ്റി തെറിപ്പിച്ചു. അടുത്തതായി ക്രീസിലെത്തിയ വിന്‍ഡീസം താരം ദിനേഷ് രാംദിനെ മക്കാര്‍ത്തിയുടെ കൈകളിലെത്തിച്ച് റസ്സല്‍ ഹാട്രിക് പൂര്‍ത്തിയാക്കി.

224 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ജമൈക്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. നാലിന് 16 റണ്‍സെന്ന നിലയ്‌ലേക്ക് ടീം കൂപ്പുകുത്തി. സ്‌കോര്‍ 41ല്‍ നില്‍ക്കെ ഓപണര്‍ ജോണ്‍സന്‍ ചാള്‍സിന്റെ പ്രതിരോധം ഫവാദ് ആലം തകര്‍ത്തതോടെ ജമൈക്ക പരാജയം മുന്നില്‍ കണ്ടു. 

എന്നാല്‍, കെന്നാര്‍ ലൂയിസിനൊപ്പം റസ്സല്‍ ക്രീസിലെത്തിയതോടെ കളി കീഴ്‌മേല്‍ മറിഞ്ഞു. അനായാസം ബൗണ്ടറികളും അതിലേറെ അനായാസമായി സിക്‌സുകളും കണ്ടെത്തി. ക്യാപ്റ്റന്റെ പ്രകടനത്തില്‍ ആവേശം മൂത്ത് ലൂയിസും തകര്‍ത്തടിച്ചതോടെ തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ജമൈക്ക തിരിച്ചെത്തി. ആറാം വിക്കറ്റില്‍ ലൂയിസ്- റസ്സല്‍ സഖ്യം കൂട്ടിച്ചേര്‍ത്തത് 161 റണ്‍സ്! വെറും 40 പന്തില്‍ റസല്‍ ശതകം കടന്നു. മൂന്ന് ബൗണ്ടറിയും 12 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇത്. പിന്നാലെ കെന്നാര്‍ ലൂയിസ് അര്‍ധ സെഞ്ച്വറിയിലെത്തി. 18ാം ഓവറില്‍ സ്‌കോര്‍ 202ല്‍ നില്‍ക്കെ ലൂയിസ് മടങ്ങിയെങ്കിലും ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് റസ്സല്‍ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. ടീം വിജയത്തിലെത്തുമ്പോള്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത് ആറ് ബൗണ്ടറിയും 13 പടുകൂറ്റന്‍ സിക്‌സുകളും. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ ജമൈക്ക വിജയം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com