മഴക്കാലങ്ങളില്‍ വീട്ടിലെ പശുവടക്കം ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയില്‍; അതിജീവനത്തിന്റെ കരുത്തിലാണ് ഖുഷ്ബീര്‍ നടക്കുന്നത്

രാജ്യത്തെ മുന്‍നിര നടത്തക്കാരികളില്‍(റേസ് വാക്കര്‍) ഒരാളാണ് ഖുഷ്ബീര്‍ കൗര്‍. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി സ്വന്തമാക്കിയ വനിതാ താരം
മഴക്കാലങ്ങളില്‍ വീട്ടിലെ പശുവടക്കം ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയില്‍; അതിജീവനത്തിന്റെ കരുത്തിലാണ് ഖുഷ്ബീര്‍ നടക്കുന്നത്


ഴിഞ്ഞ കാലത്തെ എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല അവള്‍ക്ക്. എത്ര ഉയരത്തിലേക്ക് പറന്നാലും വന്ന വഴി മറക്കാതെയുള്ള പോരാട്ടങ്ങളാണ് ഖുഷ്ബീര്‍ കൗറിന് ട്രാക്കിലെ ഓരോ നിമിഷവും. കാരണം അതിജീവനത്തിന്റെ ഉരുക്കില്‍ പണിതതാണ് അവളുടെ കായിക താരമെന്ന വളര്‍ച്ചയുടെ പടവുകള്‍. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാമെന്ന പ്രതീക്ഷയിലാണ് ഖുഷ്ബീര്‍. 

രാജ്യത്തെ മുന്‍നിര നടത്തക്കാരികളില്‍(റേസ് വാക്കര്‍) ഒരാളാണ് ഖുഷ്ബീര്‍ കൗര്‍. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി സ്വന്തമാക്കിയ വനിതാ താരം. ദാരിദ്ര്യത്തിലൂടെ കടന്നുവന്നതിന്റെ ഓര്‍മയാണ് വിജയത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് ഖുഷ്ബീറിന് പലപ്പോഴും പ്രചോദനാകുന്നത്. ഇപ്പോള്‍ പഞ്ചാബ് പൊലീസിലെ ഡി.എസ്.പിയാണ് ഈ 25 കാരി.

പട്ടിണി കാരണം ദിവസത്തില്‍ പലപ്പോഴും ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിക്കാതെയിരുന്നിട്ടുണ്ടെന്നു പറയുന്നു ഖുഷ്ബീര്‍. ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം. മഴ പെയ്യുന്ന സമയങ്ങളില്‍ പശുക്കളെയും വീടിനകത്താണ് കെട്ടിയിരുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ ഖുഷ്ബീര്‍ വിജയിച്ചു തുടങ്ങിയതോടെയാണ് വീട് പട്ടിണിയില്‍ നിന്ന് കരകയറി തുടങ്ങിയത്. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതിനു ശേഷമാണ് തങ്ങളുടെ വീട്ടില്‍ സിമന്റിട്ട മേല്‍ക്കൂര പോലും ഉണ്ടായതെന്ന് ഖുഷ്ബീര്‍ പറയുന്നു.

ഖുഷ്ബീറിന് ആറു വയസുള്ളപ്പോഴാണ് അച്ഛന്‍ ബല്‍കാര്‍ സിങ് മരിക്കുന്നത്. പിന്നീട് തുണികള്‍ തയ്ച്ചും പാല്‍ വിറ്റുമൊക്കെയാണ് അമ്മ ജസ്ബീര്‍ കൗര്‍ ഖുഷ്ബീറടക്കമുള്ള അഞ്ചു മക്കളെ പോറ്റിയത്. മഴക്കാലങ്ങളില്‍ താനും മക്കളും വീട്ടിലെ പശുവുമെല്ലാം ഒരു ഒറ്റമുറിയിലാണ് കഴിഞ്ഞിരുന്നതെന്നു പറയുന്നു ജസ്ബീര്‍. പെണ്‍കുട്ടികളായാല്‍ മുഖം ചുളിക്കുന്ന സമൂഹത്തിന് ഈ അമ്മയും ഒരു പാഠപുസ്തകമാണ്. പഠനത്തോടൊപ്പം കായിക മേഖലയിലും പ്രാഗത്ഭ്യം കാണിക്കണമെന്ന് ഖുഷ്ബീറിനോടും സഹോദരങ്ങളോടും അമ്മ കുട്ടിക്കാലം തൊട്ടേ പറഞ്ഞിരുന്നു. പെണ്‍മക്കളാണെന്നു തിരിച്ചറിയുമ്പോള്‍ കൊന്നുകളയാനടക്കം തുനിയുന്നവരോട് ഈ അമ്മ മറ്റൊന്നുകൂടെ പറയുന്നു. കഴിഞ്ഞ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം കാത്തത് പെണ്‍മക്കളാണെന്ന് ഓര്‍ക്കണം. തന്റെ പെണ്‍മക്കള്‍ തന്റെ അഭിമാനമാണെന്നും ജസ്ബീര്‍ പറയുന്നു.

ഖുഷ്ബീറിന്റെ സഹോദരിമാരായ ഹര്‍ജീത് കൗറും കരംജിത് കൗറും കായിക മേഖലയില്‍ തന്നെയുണ്ട്. മൂന്നാമത്തെയാളായ ധരംജിത് കൗറിനും കായിക മേഖലയോടാണ് താത്പര്യം. സഹോദരന്‍ ബിക്രംജീത് സിങ്ങിന് ഇഷ്ടം സൈന്യത്തില്‍ ചേരാനാണ്. 

ഇന്നും ഖുഷ്ബീറിന്റെ അമ്മ പശുക്കളെ വളര്‍ത്തുന്നുണ്ട്. പക്ഷേ ആ പഴയ കൂരയുടെ സ്ഥാനത്ത് ഇന്നു നല്ലൊരു വീട് കെട്ടിപ്പൊക്കിയിട്ടുണ്ട്. അത്രമാത്രം, മറ്റ് പ്രത്യേകതകള്‍ ഒന്നും തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ആ കുടുംബം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com