നോ സ്‌മോക്കിങ്; വലിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സിഗരറ്റ് ചവയ്ക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്‌റ്റേഡിയങ്ങളിലെ പുകവലി നിരോധനം ഇറ്റാലിയന്‍ പരിശീലകന്‍ എങ്ങനെ തരണം ചെയ്യുമെന്നും ആരാധകര്‍ ഉറ്റു നോക്കി
നോ സ്‌മോക്കിങ്; വലിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സിഗരറ്റ് ചവയ്ക്കും

നാപോളി കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ നടത്തിയ കുതിപ്പാണ് മൗറീസിയോ സരിയെ ശ്രദ്ധേയനാക്കിയത്. ഒപ്പം ചെയിന്‍ സ്‌മോക്കറായ സരിയുടെ ഡഗൗട്ടിലുള്ള പുകവലിയും അന്നേ കൗതുകം നിറച്ചിരുന്നു. താരതമ്യേന വളരെ കടുപ്പമുള്ള നിയമങ്ങളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍. ഇത്തവണ ചെല്‍സിയിലേക്ക് പരിശീലകനായി സരി എത്തുമ്പോള്‍ തന്നെ ഈ ചെയിന്‍ സ്‌മോക്കിങും വലിയ ചര്‍ച്ചയായിരുന്നു. 

കടുത്ത പ്രതിരോധത്തിലൂന്നി കളിച്ച ചെല്‍സിയില്‍ സരിയുടെ പാസിങ് ഗെയിം എന്ത് മാറ്റമാണ് വരുത്തുന്നത് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്‌റ്റേഡിയങ്ങളിലെ പുകവലി നിരോധനം ഇറ്റാലിയന്‍ പരിശീലകന്‍ എങ്ങനെ തരണം ചെയ്യുമെന്നും ആരാധകര്‍ ഉറ്റു നോക്കിയിരുന്നത്. 

പക്ഷേ തന്റെ തന്ത്രങ്ങളിലെ വൈവിധ്യം ഇവിടെയും സരി പ്രകടിപ്പിച്ചു. സിഗരറ്റ് വലിക്കാനനുവദിച്ചില്ല എങ്കില്‍ സിഗരറ്റ് ചവച്ച് ആ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇന്നലത്തെ മത്സരത്തിനിടയില്‍ അദ്ദേഹം കാണിച്ചത്. 

ചെല്‍സിയും ഹഡ്ഡേഴ്‌സ്ഫീല്‍ഡുമായുള്ള മത്സരത്തിനിടെയാണ് ഇറ്റാലിയന്‍ പരിശീലകന്‍ സിഗരറ്റ് വായിലിട്ട് ചവച്ചത്. സിഗരറ്റ് വലിക്കാനാവാതെ കഷ്ടപ്പെട്ട സരി ഒടുവില്‍ സിഗരറ്റ് ചവച്ച് താത്കാലികാശ്വാസം നേടുകയായിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു വിജയം നേടി പ്രീമിയര്‍ ലീഗില്‍ മികവോടെ തുടങ്ങിയ സരിയെ പുകവലിക്കാന്‍ കൂടി അനുവദിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. 

കഴിഞ്ഞ സീസണില്‍ നാപോളീയുടെ സ്‌റ്റേഡിയത്തിലെ ടണലില്‍ നിന്ന് സിഗരറ്റ് വലിച്ച് ഇറങ്ങിവരുന്ന സരിയുടെ ചിത്രം വൈറലായിരുന്നു. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ടൂര്‍ണമെന്റില്‍ ലെയ്പ്‌സിഗിനെ നേരിടാന്‍ നാപോളി എത്തിയപ്പോള്‍ സരിക്കു വേണ്ടി മാത്രം സ്‌മോക്കിങ് റൂം ജര്‍മന്‍ ക്ലബ് ഒരുക്കിയിരുന്നു. സിഗരറ്റ് വലിക്കാതെയുള്ള ഇറ്റാലിയന്‍ പരിശീലകന്റെ പ്രീമിയര്‍ ലീഗ് ജീവിതമാണ് ഇപ്പോള്‍ ആരാധകരുടെ ചിന്തകളില്‍. സിഗരറ്റ് ചവയ്ക്കല്‍ മാത്രമാണ് സരിക്ക് മുന്നിലുള്ള ഏക വഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com