പേസ് പ്രളയത്തില്‍ മുങ്ങി ഇന്ത്യ; ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്

ബാറ്റ്‌സ്മാന്‍മാര്‍ ഒരിക്കല്‍ കൂടി ഇംഗ്ലീഷ് പേസ് കൊടുങ്കാറ്റില്‍ കടപുഴകിയപ്പോള്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്
പേസ് പ്രളയത്തില്‍ മുങ്ങി ഇന്ത്യ; ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്

ലണ്ടന്‍: ബാറ്റ്‌സ്മാന്‍മാര്‍ ഒരിക്കല്‍ കൂടി ഇംഗ്ലീഷ് പേസ് കൊടുങ്കാറ്റില്‍ കടപുഴകിയപ്പോള്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേട്. ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നില്‍. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് വിജയം അനായാസമാക്കി. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 107 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയുടെ പോരാട്ടം 130 റണ്‍സില്‍ അവസാനിപ്പിച്ചു. 

തുടര്‍ച്ചയായി രണ്ടാം ഇന്നിങ്‌സിലും മുരളി വിജയ് സംപൂജ്യനായി മടങ്ങിയതോടെ തന്നെ വരാനിരിക്കുന്ന ദുരന്തം വ്യക്തമാക്കിയിരുന്നു. 13 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായി. പിന്നീട് പതിവുപോലെ ഘോഷയാത്ര. 69 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. പ്രതീക്ഷയര്‍പ്പിച്ച ക്യാപ്റ്റന്‍ കോഹ്‌ലി 29 പന്തില്‍ 17 റണ്‍സെടുത്ത് പുറത്ത്. ദിനേഷ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡക്കായി. പൂജാരയും രഹാനെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (26), രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. 33റണ്‍സെടുത്ത് അശ്വിന്‍ ടീമിന്റെ ടോപ് സ്‌കോററായി പുറത്താകാതെ നിന്നു. 

തുടക്കത്തില്‍ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ കുഴക്കിയതെങ്കില്‍ മഴമൂലം തടസപ്പെട്ട മത്സരം വീണ്ടും തുടങ്ങിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഇരുവരും എട്ട് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്. 

ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളറെന്ന അനുപമ നേട്ടം സ്വന്തമാക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചു. 

നേരത്തെ ക്രിസ് വേക്‌സ് പുറത്താകാതെ നേടിയ സെഞ്ച്വറിയും (137) ജോണി ബെയര്‍സ്‌റ്റോ നേടിയ (93) അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com