ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പോരാട്ടം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണാം

ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പോരാട്ടം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണാം
ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പോരാട്ടം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണാം

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ലീഗാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. പക്ഷേ ലോകത്തേറ്റവും ആരാധകരുള്ള ലയണല്‍ മെസി കളിക്കുന്നതാകട്ടെ സ്‌പെയിനിലും. 

എന്നാല്‍ മെസി ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മെസ്സി നായകനായ ബാഴ്‌സലോണയടക്കമുള്ള ക്ലബുകളുടെ ലാ ലിഗ പോരാട്ടങ്ങള്‍ ഇനി ലൈവായി ഫെയ്‌സ്ബുക്കില്‍ കാണാം. ഫെയ്‌സ്ബുക്കും ലാ ലിഗ അധികൃതരും ഇക്കാര്യത്തില്‍ കാരാറിലെത്തി. ഇതനുസരിച്ച് ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക രാജ്യങ്ങളില്‍ സൗജന്യമായി ഫെയ്ബുക്ക് വഴി തത്സമയം ലാ ലിഗ മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ലാ ലിഗയുടെ ഇന്ത്യന്‍ മാനേജരായ ജോസ് കഖസ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

2018-19 സീസണ്‍ അടക്കം മൂന്ന് വര്‍ഷത്തെ ലാ ലിഗ സീസണിലേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ ലൈവ് സ്‌പോര്‍ട്‌സ് പ്രോഗ്രാമിങ് തലവന്‍ പീറ്റര്‍ ഹട്ടന്‍ വ്യക്തമാക്കി. ലാ ലിഗയ്ക്ക് ആഗോള തലത്തില്‍ മികച്ച സ്വീകാര്യതയാണുള്ളത്. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് പോലുള്ള ക്ലബുകളുടെ സാന്നിധ്യം ലോകമെമ്പാടും വലിയ പിന്തുണ ലീഗിന് സമ്മാനിക്കുന്നുണ്ട്. ഒപ്പം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ലാ ലിഗയ്ക്ക് ലഭിക്കുന്ന പിന്തുണയും മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു കരാറില്‍ ഫെയ്ബുക്ക് എത്തിയത്. ഫെയ്‌സ്ബുക്കിലെ ലാ ലിഗ പേജില്‍ കയറിയാല്‍ ഇഷ്ടമുള്ള ടീമുകളുടെ കളികള്‍ ലൈവായി കാണാം. ലൈവ് മത്സരങ്ങള്‍ മാത്രമല്ല ലൈവ് ഗെയിമുകള്‍, സ്റ്റുഡിയോ ചര്‍ച്ചകള്‍, പ്രിവ്യൂ ഷോകള്‍, കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ എന്നിവയും കാണാമെന്നും ഹട്ടന്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ സീസണിലെ ലാ ലിഗ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സോണി പിക്‌ച്ചേഴ്‌സിനായിരുന്നു. ഫെയ്‌സ്ബുക്കുമായി ചേര്‍ന്ന് മത്സരങ്ങള്‍ തത്സമയം കാണിക്കാന്‍ സോണി അധികൃതര്‍ ഒരുക്കമാകാത്തതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കുമായി സ്വതന്ത്ര കാരറിലെത്തിയതെന്ന് ലാ ലിഗയുടെ ഡിജിറ്റല്‍ സ്ട്രാറ്റജി തലവന്‍ അല്‍ഫ്രെഡോ ബെര്‍മജോ പറഞ്ഞു. ലാ ലിഗയെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രാധാന്യമുള്ളൊരു മാര്‍ക്കറ്റാണ്. ഫെയ്‌സ്ബുക്കാകട്ടെ പരമ്പരാഗതമായി തന്നെ ലാ ലിഗയുമായി പങ്കാളിത്തമുള്ള കമ്പനിയുമാണ്. 27കോടിയിലധികം ജനങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അതില്‍ തന്നെ ആറ് കോടിയിലധികം പേര്‍ ഫുട്‌ബോള്‍ ആരാധകരാണ്. അതുകൊണ്ടുതന്നെ ലാ ലിഗ ലക്ഷ്യമിടുന്നത് സാധ്യമാക്കാന്‍ ഫെയ്ബുക്കാണ് ഏറ്റവും യോജിച്ച മാധ്യമമെന്നും ബെര്‍മജോ വ്യക്തമാക്കി. 

ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കണ്ടവരുടെ കണക്ക് പഠനവിധേയമാക്കിയിരുന്നു. ഈ മത്സരങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി നാലില്‍ ഒരാള്‍ എന്ന നിലയില്‍ ഇന്ത്യയില്‍ കാണുന്നതായി കണ്ടെത്തി. 

ഫെയ്‌സ്ബുക്ക് ലൈവ് മത്സരങ്ങള്‍ വിലയിരുത്താനായി രണ്ട് മുന്‍താരങ്ങളും എത്തുന്നുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം നാല് ലാ ലിഗ കിരീടങ്ങളില്‍ പങ്കാളിയായ മിഷേല്‍ സല്‍ഗാഡോയും മുന്‍ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് മധ്യനിര താരമായ ലൂയീസ് ഗാര്‍ഷ്യ എന്നിവരാണ് മത്സരങ്ങള്‍ വിലയിരുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com