സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇനി ഉപദേശിക്കണ്ട; സി.എ കമ്മിറ്റിയില്‍ നിന്ന് മൂവരേയും ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചന

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇനി ഉപദേശിക്കണ്ട; അഡൈ്വസറി കമ്മിറ്റിയില്‍ നിന്ന് മൂവരേയും ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചന
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇനി ഉപദേശിക്കണ്ട; സി.എ കമ്മിറ്റിയില്‍ നിന്ന് മൂവരേയും ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചന

മുംബൈ: ബി.സി.സി.ഐ ഉപദേശക സമിതിയില്‍ (ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി) നിന്ന് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറേയും സൗരവ് ഗാംഗുലിയേയും വി.വി.എസ് ലക്ഷ്മണിനേയും ഒഴിവാക്കാന്‍ ആലോചിക്കുന്നു. മൂവര്‍ക്കും പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനാണ് ബി.സി.സി.ഐ പദ്ധതി. താത്പര്യ സംഘര്‍ഷ വിഷയം നിനില്‍ക്കുന്നതാണ് മൂവരേയും ഒഴിവാക്കാനുള്ള ആലോചനക്ക് പിന്നില്‍. 

സൗരവ് ഗാംഗുലി നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഒപ്പം മാധ്യമങ്ങളുമായുള്ള കരാറുകളും ഉണ്ട്. വി.വി.എസ് ലക്ഷ്മണ്‍ മാധ്യമ കരാറും ഒപ്പം ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററുമാണ്. സച്ചിനാകട്ടെ ഇനി പാനലില്‍ തുടരാന്‍ സാധിക്കില്ല. കാരണം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമാണ്. അടുത്ത ബന്ധത്തിലുള്ള ആരെങ്കിലും ടീമില്‍ കളിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലകനോ സെലക്ടറോ ആകാന്‍ സാധിക്കില്ല. 2015ല്‍ നരേന്ദ്ര ഹിര്‍വാനിയുടെ മകന്‍ സംസ്ഥാന ടീമിനായി കളിക്കാനിറങ്ങിയപ്പോള്‍ ഹിര്‍വാനി മധ്യപ്രദേശ് ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ പാനല്‍ അധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം അവസാനം തങ്ങള്‍ക്ക് പ്രതിഫലം തരണമെന്ന് മൂവരും ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബി.സി.സി.ഐ രംഗത്തെത്തുകയായിരുന്നു. മൂവരും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബോര്‍ഡ് അന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടേറെ സംഭാവനകള്‍ ചെയ്ത ഇതിഹാസങ്ങള്‍ എന്ന നിലയില്‍ അവരോടുള്ള ബഹുമാനാര്‍ഥമാണ് സ്ഥാനം നല്‍കിയതെന്നും ബി.സി.സി.ഐ പറഞ്ഞിരുന്നു. 

2016ല്‍ അനില്‍ കുംബ്ലയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി തിരഞ്ഞെടുത്തത് സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയമായിരുന്നു. 2017ല്‍ കുംബ്ല സ്ഥാനം രാജിവച്ചപ്പോള്‍ രവി ശാസ്ത്രിയെ നിയമിച്ചതും മൂവരും അഭിമുഖം നടത്തിയ ശേഷം തന്നെ. അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക നിയമനത്തില്‍ ഇവര്‍ക്ക് പ്രത്യേകിച്ചൊരു പങ്കാളിത്തമുണ്ടാകാറുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com