ശ്രദ്ധയോടെ, അര്‍ധ ശതകവുമായി പൂജാരയും കോഹ്‌ലിയും; പിടിമുറുക്കി ഇന്ത്യ

ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറികളുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ലീഡ് 350 കടന്നു
ശ്രദ്ധയോടെ, അര്‍ധ ശതകവുമായി പൂജാരയും കോഹ്‌ലിയും; പിടിമുറുക്കി ഇന്ത്യ

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറികളുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ലീഡ് 350 കടന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി, പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശ്രദ്ധയോടെയാണ് ബാറ്റു വീശുന്നത്. 

ലഞ്ചിന് പിരിയുമ്പോള്‍ 60 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്‌ലി 54 റണ്‍സും പൂജാര 56 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. 362 റണ്‍സാണ് ഇന്ത്യയുടെ ലീഡ്. 

നേരത്തെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്കായി ഓപണര്‍മാരായ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 33 പന്തില്‍ ഏഴു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത രാഹുലിനെ സ്‌റ്റോക്‌സ് ക്ലീന്‍ബോള്‍ഡാക്കി. 63 പന്തില്‍ ആറു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ധവാനെ റാഷിദിന്റെ പന്തില്‍ ബെയര്‍സ്‌റ്റോ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 

ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ച് ഇംഗ്ലണ്ട് 161 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഓപണിങ് വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയെ നേരിട്ടത്. അവസാന വിക്കറ്റില്‍ ജോസ് ബട്‌ലറും ജയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 33 റണ്‍സാണ് സ്‌കോര്‍ 150 കടത്തിയത്. 

കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്‌റ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷമിക്കാണ് ഒരു വിക്കറ്റ്. 32 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അലസ്റ്റയര്‍ കുക്ക് (29) കീറ്റണ്‍ ജെന്നിങ്‌സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്‌റ്റോ (41 പന്തില്‍ 15), ബെന്‍ സ്‌റ്റോക്‌സ് (13 പന്തില്‍ 10), ക്രിസ് വോക്‌സ് (അഞ്ച് പന്തില്‍ എട്ട്), ആദില്‍ റഷീദ് (അഞ്ച് പന്തില്‍ അഞ്ച്), സ്റ്റ്യുവാര്‍ട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com