_103107959_asiangamesbabyafp
_103107959_asiangamesbabyafp

ഏഷ്യന്‍ ഗെയിംസിനിടെ കുഞ്ഞ് പിറന്നു; പേര് ' ആബിദ ഏഷ്യന്‍ ഗെയിംസ് '

രാജ്യത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിവസത്തില്‍ പിറന്ന തങ്ങളുടെ കുഞ്ഞിന് ഇതിലും നല്ലൊരു പേര് കണ്ടെത്താന്‍ ആ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല

ജക്കാര്‍ത്ത: രാജ്യത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിവസത്തില്‍ പിറന്ന തങ്ങളുടെ കുഞ്ഞിന് ഇതിലും നല്ലൊരു പേര് കണ്ടെത്താന്‍ ആ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല. അവര്‍ പേരിട്ടു. ഏഷ്യന്‍ ഗെയിംസ്. മുഴുവന്‍ പേര് ആബിദ ഏഷ്യന്‍ ഗെയിംസ്. 

ലോകത്തിലെ രണ്ടാമത്തെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്തോനേഷ്യയിലെ പാലെംബംഗിലെ ജെലോറ ബംഗ് കര്‍ണോ സ്‌റ്റേഡിയത്തില്‍ തിരി തെളിഞ്ഞത്. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവിടെ തന്നെയായിരുന്നു ആബിദയുടെ ജനനവും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് നഗരങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. ജക്കാര്‍ത്തയും പാലെബംഗുമായിരുന്നു നഗരങ്ങള്‍.   

ആബിദ എന്ന പേര് ആദ്യം തന്നെ കണ്ടുവച്ചിരുന്നതായി കുഞ്ഞിന്റെ അച്ഛനായ യോര്‍ദ്ദാനിയ ഡെന്നി പറയുന്നു. എന്നാല്‍ അവസാനം ചേര്‍ക്കേണ്ട പേര് തീരുമാനിച്ചിരുന്നില്ല. സ്‌പോര്‍ട്‌സിനോടുള്ള ഇഷ്ടം രണ്ട് പേര്‍ക്കും അമിതമായതിനാല്‍ ഈ പേരിന്റെ കാര്യത്തില്‍ തര്‍ക്കമൊന്നുമുണ്ടായതുമില്ല. ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണ് ആബിദ. പേര് ഇഷ്ടമായില്ലെങ്കില്‍ അത് മാറ്റാനുള്ള സ്വാതന്ത്ര്യം മകള്‍ക്ക് നല്‍കുമെന്നും ദമ്പതിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സാധാരണ അച്ഛന്റെ പേരാണ് ഇന്തോനേഷ്യയിലെ കുട്ടികളുടെ പേരിനൊപ്പം ആദ്യം ചേര്‍ക്കുന്നത്. 

തന്റെ രാജ്യത്ത് ഇത്രയും വലിയ കായികമേള നടക്കുന്നതിന്റെ സന്തോഷവും ഡെന്നി പങ്കുവച്ചു. ഈ പേര് ഭാവിയില്‍ കുട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ദമ്പതിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏഷ്യന്‍ ഗെയിംസ് എന്ന് പേരില്‍ തന്നെയുള്ള മകള്‍ ഭാവിയിലെ കായിക താരമാകുമെന്ന പ്രതീക്ഷിക്കുന്നു. അങ്ങനെയൊരു കഴിവ് മകള്‍ക്കുണ്ടെങ്കില്‍ എല്ലാ പിന്തുണയും നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com