ഗുസ്തിപിടിച്ച് ദിവ്യയും സമ്മാനിച്ചു വെങ്കലം; പത്ത് മെഡലുകളുമായി ഇന്ത്യന്‍ കുതിപ്പ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത് തുടരുന്നു. വനിതകളുടെ 68 കിലോ വിഭാഗം ഗുസ്തിയില്‍ ദിവ്യ കക്രാന്‍ വെങ്കലം സ്വന്തമാക്കി
ഗുസ്തിപിടിച്ച് ദിവ്യയും സമ്മാനിച്ചു വെങ്കലം; പത്ത് മെഡലുകളുമായി ഇന്ത്യന്‍ കുതിപ്പ്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത് തുടരുന്നു. വനിതകളുടെ 68 കിലോ വിഭാഗം ഗുസ്തിയില്‍ ദിവ്യ കക്രാന്‍ വെങ്കലം സ്വന്തമാക്കി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ തായ്‌പേയുടെ ചെന്‍ വെങ് ലിങിനെയാണ് ദിവ്യ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം സെപക് താക്രോയിലും ഇന്ത്യ വെങ്കലം ഉറപ്പാക്കി. സെമിയില്‍ തായ്‌ലന്‍ഡിനോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്. അതേസമയം ഇന്ത്യയെ സംബന്ധിച്ച് വെങ്കല മെഡല്‍ പോലും നേട്ടമാണ്. ഈയിനത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ നേടുന്നത്. 

നേരത്തെ ഇന്ത്യ മൂന്നാം സ്വര്‍ണം നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരന്‍ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. മല്‍സരത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലവും കരസ്ഥമാക്കിയിരുന്നു. 50 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതും വെള്ളി നേടിയിരുന്നു. ഇതോടെ മൂന്ന് വീതം സ്വര്‍ണം വെള്ളി മെഡലുകളും മൂന്ന് വെങ്കലവുമടക്കം ഇന്ത്യ പത്ത് മെഡലുകളുമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുന്നു.   

തയ്ക്വാന്‍ഡോ വനിത വിഭാഗം 57 കിലോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക് പരാജയമേറ്റുവാങ്ങി. (17-8). വോളിബോള്‍ പൂള്‍ ബി മത്സരത്തില്‍ വിയറ്റ്‌നാം ഇന്ത്യയെ പരാജയപ്പെടുത്തി. സ്‌കോര്‍ (0-3). പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ദത്തു ബബന്‍ ഭോകാനല ഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗം കബഡി ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി. സ്‌കോര്‍: 38-12. 

ഒന്നാം ദിനത്തില്‍ ബജ്‌രംഗ് പൂനിയയും രണ്ടാം ദിനത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ, വനിതാ വിഭാഗം ഗുസ്തിയില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പുരുഷ വിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവരാണ് വെള്ളി നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com