തീത്തുപ്പി പേസർമാർ; നട്ടെല്ലൊടിഞ്ഞ് ഇം​ഗ്ലണ്ട്; 246 റൺസിൽ പുറത്ത്

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ
തീത്തുപ്പി പേസർമാർ; നട്ടെല്ലൊടിഞ്ഞ് ഇം​ഗ്ലണ്ട്; 246 റൺസിൽ പുറത്ത്

സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ പേസ് ബൗളിങ് കരുത്തിലാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസെന്ന നിലയിൽ. 17 റൺസുമായി കെ.എൽ രാഹുലും മൂന്ന് റൺസുമായി ശിഖർ ധവാനുമാണ് ക്രീസിൽ. 

കഴിഞ്ഞ കളിയിൽ ഇം​ഗ്ലണ്ടിനെ തകർത്ത ജസ്പ്രിത് ബുമ്റ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇം​ഗ്ലണ്ടിന്റെ തകർച്ചയ്ക്ക് നേതൃത്വം നൽകിയപ്പോൾ ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും സ്പിന്നർ ആർ അശ്വിനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ഇം​ഗ്ലീഷ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റെടുത്തു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ തകർന്നുപോയ ഇം​ഗ്ലണ്ടിനെ വാലറ്റത്ത് ഒത്തുചേർന്ന സാം കുറനും (78), മോയിൻ അലിയും (40) ചേർന്നുള്ള ചെറുത്തുനിൽപ്പാണ് അവരുടെ സ്കോർ 200 കടത്തിയത്. 

മത്സരം തുടങ്ങി സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ കുറിച്ചതിന് പിന്നാലെ ഓപണര്‍ കീറ്റണ്‍ ജെന്നിങ്സിനെ ബുമ്റ പുറത്താക്കി. പിന്നാലെ നാലു റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിനെ ഇഷാന്ത് ശര്‍മയും മടക്കി. റണ്ണൊന്നുമെടുക്കാതെയായിരുന്നു ജെന്നിങ്സിന്റെ മടക്കം. നാല് റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. പിന്നീട് ബുമ്റയുടെ ഊഴമായിരുന്നു. ആറ് റണ്‍സെടുത്ത ബെയര്‍സ്റ്റോയെ ബുമ്റ പുറത്താക്കി. പ്രതിരോധിച്ചു കളിച്ച കുക്കിന്റെ ആധിപത്യം ഹാര്‍ദിക് പാണ്ഡ്യയും അവസാനിപ്പിച്ചു. 17 റണ്‍സായിരുന്നു കുക്കിന്റെ സംഭാവന. ഇന്ത്യക്ക് തലവേദന ഉയർത്തിയ കുറൻ- മോയിൻ അലി സഖ്യത്തെ പുറത്താക്കി അശ്വിനാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. 

നേരത്തെ പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിക്ക് കീഴില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ടീം മാറ്റമില്ലാതെ ഒരു ടെസ്റ്റിനിറങ്ങുന്നത്. ക്രിസ് വോക്‌സിന് പകരം മോയിന്‍ അലിയും ഒലീ പോപ്പിനു പകരം സാം കുറനും ഇം​​ഗ്ലണ്ട് ടീമിലിടം നേടി. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1 നു മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com