നമ്മുടെ ജിന്‍സന്റെ രോമാഞ്ച കുതിപ്പ് കണ്ടില്ലേ? അന്ന് ചിത്ര ഓടിയ അതേ ഓട്ടം

നമ്മുടെ ജിന്‍സന്റെ രോമാഞ്ച കുതിപ്പ് കണ്ടില്ലേ? അന്ന് ചിത്ര ഓടിയ അതേ ഓട്ടം

2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ചൈനീസ് ജാപ്പനീസ് താരങ്ങളെ പിന്നിലേക്ക് തള്ളി ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന പി.യു.ചിത്രയേ ഓര്‍മയില്ലേ? ചിത്രയുടെ കുതിപ്പ് വൈകാരികമായി മലയാളികളെ തൊട്ടിരുന്നു. ഏഷ്യന്‍ ഗെയിംസ് 2018ലെ 1500 മീറ്ററിലും ആ കുതിപ്പ് കണ്ട് മലയാളികളുടെ മനസും കണ്ണും നിറഞ്ഞു. ഇവിടെ ചിത്രയുടെ കാലുകള്‍ക്ക് പകരം ജിന്‍സണിന്റേതായെന്ന് മാത്രം. 

അന്ന് 1500 മീറ്ററില്‍ ചിത്ര പയറ്റിയ അതേ തന്ത്രമായിരുന്നു ജക്കാര്‍ത്തയില്‍ ജിന്‍സണും പ്രയോഗിച്ചത്. തുടക്കത്തിലെ കുതിച്ച് ഊര്‍ജം നഷ്ടപ്പെടുത്തി മെഡല്‍ കളഞ്ഞു കുളിക്കുന്ന ടിന്റു ലൂക്ക ഉള്‍പ്പെടെ ഉള്ളവര്‍ കണ്ടു പഠിക്കേണ്ട പാഠം. ക്ഷമയോടെ മുന്നോട്ടു പോയി ലഭിക്കുന്ന സ്‌പേസ് മുതലെടുത്ത് മുന്നില്‍ കയറി അവസാന ലാപ്പിലുള്ള, ഫിനിഷ് ലൈനില്‍ ആദ്യം തൊടുമെന്ന് ഉറപ്പുള്ള കുതിപ്പ്..

1998ലെ ഏഷ്യന്‍ ഗെയിംസിലായിരുന്നു 1500 മീറ്ററില്‍ ഇന്ത്യ അവസാനമായി മെഡല്‍ നേടുന്നത്. ബഹദൂര്‍ പ്രസാദായിരുന്നു ഇന്ത്യയ്ക്ക് അന്ന് വെങ്കലം സമ്മാനിച്ചത്. 1500 മീറ്ററിലെ ജിന്‍സണിന്റെ സ്വര്‍ണ നേട്ടം 800 മീറ്ററില്‍ തന്നെ പിന്നിലേക്ക് ഒതുക്കിയ മഞ്ജിത് സിങ്ങിനുള്ള മറുപടി കൂടിയായിരുന്നു. 

ഇത് എനിക്ക് മധുരപ്രതികാരം കൂടിയായിരുന്നു. കാരണം ട്രാക്കില്‍ ഇനി മറുപടി പറയണം എങ്കില്‍ നാല് വര്‍ഷം കൂടി കാത്തിരിക്കണ്ടേ എന്ന് ജിന്‍സന്‍ പറയുന്നു. 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസിലെ 1500 മീറ്ററില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 

3: 44:72 മിനിറ്റിലാണ് ജിന്‍സണ്‍ സ്വര്‍ണത്തില്‍ തൊട്ടത്.
2016ലെ ഒളിംപിക്‌സില്‍ ഒന്നാമത് എത്തിയ അമേരിക്കയുടെ മാത്യു സെന്‍ട്രോവിറ്റ്‌സിന്റേതിനേക്കാള്‍ മികച്ച സമയം കണ്ടെത്താനായി എന്നതാണ് ജിന്‍സണിന്റെ ഓട്ടത്തിന്റെ മാറ്റ് കൂട്ടുന്നത്. 3: 50: 00 എന്ന സമയത്തായിരുന്നു അമേരിക്കന്‍ താരം ഒളിംപിക്‌സ് ചാമ്പ്യനായത്. അങ്ങിനെ ഒളിംപിക്‌സ് സ്വര്‍ണം മലയാളി കഴുത്തിലണിഞ്ഞ് നില്‍ക്കുന്നത് സ്വപ്‌നം കണ്ടു തുടങ്ങുകയാണ് നാട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com