യൂറോപ്പ ലീഗ്; മരണ ഗ്രൂപ്പായി എച്ച്, ആഴ്‌സനലിനും കടുത്ത വെല്ലുവിളി; ഗ്രീസ്മാന്‍ മികച്ച താരം

യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് എച്ച് മരണ ഗ്രൂപ്പായി മാറി
യൂറോപ്പ ലീഗ്; മരണ ഗ്രൂപ്പായി എച്ച്, ആഴ്‌സനലിനും കടുത്ത വെല്ലുവിളി; ഗ്രീസ്മാന്‍ മികച്ച താരം

2018-19 സീസണിലെ യുവേഫ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് എച്ച് മരണ ഗ്രൂപ്പായി മാറി. ഇറ്റാലിയന്‍ വമ്പന്മാരായ ലാസിയോ, കഴിഞ്ഞ തവണത്തെ യൂറോപ്പ ഫൈനലിസ്റ്റുകളായ ഒളിംപിക്ക് മാഴ്‌സ, ജര്‍മന്‍ കപ്പ് ജേതാക്കളായ ഫ്രാങ്ക്ഫര്‍ട് എന്നിവരാണ് ഗ്രൂപ്പ് എച്ചിലെ കരുത്തര്‍. അപ്പോയലാണ് നാലാമത്തെ ടീം. ഇംഗ്ലീഷ് മുന്നേറ്റക്കാരായ ആഴ്‌സനലിന് കരുത്തരായ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ആഴ്‌സനലിന് പുറമേ പോര്‍ച്ചുഗീസ് വമ്പന്മാരായ സ്‌പോര്‍ടിങ് ക്ലബ്, കഴിഞ്ഞ തവണ അത്‌ലറ്റികോ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗില്‍ തോല്‍പിച്ച ക്വറബാഗ് എഫ്‌സി എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എഫ്‌സി വോഴ്‌സ്‌കഌാണ് ഇ ഗ്രൂപ്പിലെ മറ്റൊരു ക്ലബ്.  

ഇംഗ്ലീഷ് ക്ലബായ ചെല്‍സിക്ക് ദുര്‍ബലരായ എതിരാളികളെയാണ് ഗ്രൂപ്പില്‍ ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് എല്ലില്‍ ചെല്‍സി, പിഎഒകെ, ബേറ്റ് ബോറിസോവ്, വിദി എഫ് സി ടീമുകളാണ് അണിനിരക്കുന്നത്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിന്റെ റേഞ്ചേഴ്‌സിന് ഗ്രൂപ്പ് ജിയില്‍ സ്പാനിഷ് വമ്പന്മാരായ വിയ്യാറയല്‍ ഭീഷണിയാകും. സെവിയ്യയും താരതമ്യേന ദുര്‍ബല ഗ്രൂപ്പിലാണ്. റെഡ്ബുള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാല്‍സ്ബര്‍ഗും ലെയ്‌സിഗും ഒരു ഗ്രൂപ്പിലാണെന്നതും ഇത്തവണത്തെ സവിശേഷതയായി. ഇരു ടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്താന്‍ സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക്കും അതേ ഗ്രൂപ്പിലുണ്ട്.

യൂറോപ്പ ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം കിരീട ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റ താരം അന്റോയിന്‍ ഗ്രീസ്മാന് ലഭിച്ചു. അത്‌ലറ്റികോ മാഡ്രിഡ് താരം തന്നെയായ ഡീഗോ ഗോഡിന്‍, ഫൈനലില്‍ അത്‌ലറ്റിക്കോ നേരിട്ട ഫ്രഞ്ച് ക്ലബ് മാഴ്‌സയുടെ താരം ദിമിത്രി പയറ്റ് എന്നിവരെ മറികടന്നാണ് ഗ്രീസ്മാന്‍ പുരസ്‌കാരം നേടിയത്. ഫൈനലില്‍ ഇരട്ട ഗോളുകള്‍ നേടിയ ഗ്രീസ്മാന്‍ ടൂര്‍ണമെന്റിലാകെ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 388 പോയിന്റുകളാണ് ഗ്രീസ്മാന്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത 48 ടീമുകളുടെ പരിശീലകരും 55 മാധ്യമ പ്രവര്‍ത്തകരും വോട്ട് ചെയ്താണ് ജേതാവിനെ തിരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com