ഒന്നാം റാങ്ക് ലക്ഷ്യമിട്ട് ടീം ഇന്ത്യ ; ഡിവില്ലിയേഴ്‌സില്ലാതെ പ്രോട്ടീസ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാലു മുതലാണ് മല്‍സരം
ഒന്നാം റാങ്ക് ലക്ഷ്യമിട്ട് ടീം ഇന്ത്യ ; ഡിവില്ലിയേഴ്‌സില്ലാതെ പ്രോട്ടീസ്

ഡര്‍ബന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിനത്തിലെ ഒന്നാം റാങ്ക് ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. നിലവില്‍ ഏകദിനത്തിലെ ഒന്നാം റാങ്കുകാര്‍ ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. പരമ്പര വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം റാങ്കില്‍ തിരിച്ചെത്താനാകും. ഡര്‍ബന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാലു മുതലാണ് മല്‍സരം. 

ടെസ്റ്റ് പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്. അവസാദ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം നേടാനായതാണ് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. അതേസമയം ബാറ്റ്‌സ്മാന്‍മാര്‍ ഇതുവരെ ഫോം കണ്ടെത്താത്തതാണ് കോച്ച് രവിശാസ്ത്രിയെ അലട്ടുന്നത്. നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 

ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ടീമില്‍ തിരിച്ചെത്തിയേക്കും. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും. മധ്യനിരയെ തെരഞ്ഞെടുക്കലാണ് ടീം മാനേജ്‌മെന്റ് ഏറെ ചിന്താക്കുഴപ്പത്തിലാകുന്നത്. ശ്രേയസ്സ് അയ്യര്‍, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മധ്യനിരയിലേക്ക് മല്‍സരിക്കുന്നത്. 

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഒഴികെയുള്ള ടീമികള്‍ക്കെതിരെയെല്ലാം കോഹ്‌ലി സെഞ്ച്വറി നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് മൂന്നക്കം തികക്കാന്‍ കഴിയാത്തത്. ഈ പോരായ്മ പരമ്പരയില്‍ തീര്‍ക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 102 റണ്‍സ് കൂടി നേടിയാല്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികക്കാനാകും. 

മുന്‍നായകന്‍ എബി ഡിവില്ലിയേഴ്‌സ് ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്ക് മൂലം മൂന്നു മല്‍സരങ്ങളില്‍ നിന്ന് എബിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. എബിക്ക് പകരം എയ്ഡന്‍ മര്‍ക്രം ടീമിലെത്തും. ആഭ്യന്തര മല്‍സരങ്ങളില്‍ മികച്ച പോമിലായിരുന്ന ജെപി ഡുമിനിയും ടീമിലേക്ക് തിരിച്ചെത്തും. അതേസമയം വീക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഫോമില്ലായ്മ പ്രോട്ടീസിനെ വലയ്ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com