എങ്ങനെ ഇവന്‍ തിളങ്ങാതിരിക്കും, നിര്‍ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നത് യുവരാജെന്ന് ഗില്‍

ആരൊക്കെയാവും ഇന്ത്യന്‍ ടീമിലേക്ക് എത്തുക എന്ന കണ്ടറിയേണ്ട കാര്യമാണെങ്കിലും സാധ്യത കല്‍പിക്കുന്നവരില്‍ മുന്നിലുണ്ട് ശുഭ്മന്‍ ഗില്‍
എങ്ങനെ ഇവന്‍ തിളങ്ങാതിരിക്കും, നിര്‍ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നത് യുവരാജെന്ന് ഗില്‍

മുഹമ്മദ് കൈഫ്, യുവരാജ് സിങ്, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി അങ്ങിനെ അണ്ടര്‍ 19 ലോക കപ്പിലൂടെ മെന്‍ ഇന്‍ ബ്ലൂവിലേക്ക് എത്തിയ താരങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ആരാണ് ചേക്കേറുക. പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, കല്‍വര്‍, കമലേഷ് നാഗര്‍കോതി എന്നിങ്ങനെ ഒരുപിടി താരങ്ങള്‍ കട്ടയ്ക്ക് നിന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ആരൊക്കെയാവും ഇന്ത്യന്‍ ടീമിലേക്ക് എത്തുക എന്ന കണ്ടറിയേണ്ട കാര്യമാണെങ്കിലും സാധ്യത കല്‍പിക്കുന്നവരില്‍ മുന്നിലുണ്ട് ശുഭ്മന്‍ ഗില്‍. 

അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ മൂന്ന് അര്‍ധ ശതകവും ഒരു സെഞ്ചുറിയുമായിട്ടായിരുന്നു ഗില്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിച്ചത്. സ്ഥിരതയാര്‍ന്ന കളി പുറത്തെടുക്കാന്‍ തന്നെ സഹായിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് ഗില്‍ ഇപ്പോള്‍. 

എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത് ദ്രാവിഡാണ്. പക്ഷേ നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി മറ്റൊരാള്‍ കൂടി ഗില്ലിന് ഒപ്പമുണ്ടായിരുന്നു. 2011ലെ ലോക കപ്പില്‍ മാന്‍ ഓഫ് ദി സീരീസായ യുവരാജ് സിങ് തന്നെ. ലോക കപ്പില്‍ എങ്ങിനെ കളിക്കണമെന്ന് മറ്റാരേക്കാളും നന്നായി പറയാന്‍ യുവിക്കല്ലേ പറ്റു. 

എനിക്കൊപ്പം യുവരാജ് ബാറ്റ് ചെയ്തിരുന്നു. കളിക്കളത്തിനും, പുറത്തുമുള്ള കാര്യങ്ങളെയുമെല്ലാം സംബന്ധിച്ച് എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ ഒപ്പം അദ്ദേഹം ഉണ്ടായിരുന്നു. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹമുണ്ടായിരുന്ന സമയത്തായിരുന്നു അത്. 

പതിനെട്ടുകാരനായ ഗില്ലിന്റെ സെമി ഫൈനലിലെ സെഞ്ചുറി ഏറെ പ്രശംസ നേടിയിരുന്നു. അവസാനം വരെ ബാറ്റ് ചെയ്യുക എന്നാണ് ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടതെന്ന് ഗില്‍ പറയുന്നു. പാക്കിസ്ഥാനെതിരായ സെമിയില്‍ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഓപ്പണര്‍മാര്‍ നമുക്ക് നല്ല തുടക്കം നല്‍കി. മധ്യനിരയില്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നതിന് ഇടയില്‍ ഏതാനും വിക്കറ്റുകള്‍ നമുക്ക് നഷ്ടമായി. 

ഈ സമയം, അവസാനം വരെ ക്രീസില്‍ നിന്നു കളിക്കാനാണ് ദ്രാവിഡ് നിര്‍ദേശിച്ചത്. ഇതിനെ ശ്രമിച്ചതോടെ അങ്കുല്‍ റോയിയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചെന്നും ഗില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com