മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക് ; ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും

കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്
മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക് ; ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും

കേപ്ടൗണ്‍ : മുന്നില്‍നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. 124 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. കോഹ്‌ലി 159 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 160 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

റണ്ണെടുക്കും മുമ്പ് റബാഡയുടെ പന്തില്‍ കോഹ്‌ലി പുറത്തായതായി അംപയര്‍ വിധിച്ചു. എന്നാല്‍ റിവ്യൂവിലൂടെ ജീവന്‍ തിരിച്ചുകിട്ടിയ കോഹ്‌ലി പിന്നീട് തിരിഞ്ഞുനോക്കിയില്ല. കോഹ്ലിയുടെ 34 ആം ഏകദിന സെഞ്ച്വറി നേട്ടമാണിത്. 76 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ നായകന് മികച്ച പിന്തുണ നല്‍കി. റണ്ണൊന്നുമെടുക്കാതെ പുറത്തായ രോഹിത് ശര്‍മ്മ മൂന്നാം ഏകദിനത്തിലും പരാജയമായി. 

304 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ തളച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ് വേന്ദ്ര ചാഹലും നാലു വിക്കറ്റ് വീതമെടുത്തു. ശേഷിച്ച രണ്ടു വിക്കറ്റ് ജസ്പ്രീത് ബുംറ നേടി. നായകന്‍ ഐഡന്‍ മാര്‍ക്രം 32ഉം ഡേവിഡ് മില്ലര്‍ 25 ഉം റണ്‍സ് നേടി. മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെതിരെ പൊരുതാന്‍ പോലുമായില്ല. 

വിജയത്തോടെ, ആറ് മല്‍സര പരമ്പരയില്‍ ഇന്ത്യ 3-0 ന്റെ ലീഡ് നേടി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ വിജയിക്കുന്നത്. ഒരു വിജയം കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാനാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com