രോഹിത്തിന് സെഞ്ചുറി,ഇന്ത്യയെ ലുംഗി പിടിച്ചുകെട്ടി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം
രോഹിത്തിന് സെഞ്ചുറി,ഇന്ത്യയെ ലുംഗി പിടിച്ചുകെട്ടി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടി കൊടുത്തത്.  17ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സും സഹിതം 115 റണ്‍സെടുത്തു.  തുടക്കത്തിലെ മികച്ച തുടക്കം എന്നാല്‍ പിന്നിട് ഇന്ത്യക്ക് മുതലാക്കാനായില്ല. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 300 കടക്കുമെന്ന് വിചാരിച്ചെങ്കിലും  ലുങ്കി എന്‍ഗിഡിയുടെ ബൗളിങ് മികവ് ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു.  ലുങ്കി എന്‍ഗിഡി ഒന്‍പത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‌ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആവര്‍ത്തിച്ചു.

54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ്‌ലി, 23 പന്തില്‍ എട്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത് ശ്രേയസ് അയ്യര്‍ക്കു മാത്രം. അയ്യര്‍ 37 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 30 റണ്‍സെടുത്തു. 17 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സെടുത്ത ധോണി ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.
 അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ 20 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് നാലു പന്തില്‍ രണ്ടു റണ്‍സോടെ കൂട്ടുനിന്നു.

ആറു മല്‍സരങ്ങളുള്ള പരമ്പരയില്‍ 3 -1 ന് മുന്നിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പരയെന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com