400 മില്യണ്‍ യൂറോയുടെ നെയ്മറും എംബാപ്പെയും, പക്ഷേ 3.5 മില്യണ്‍ യൂറോയുടെ അസെന്‍സിയോ കളി കൊണ്ടുപോയി

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് മുന്നില്‍ നെയ്മറും സംഘവും എത്തിയപ്പോള്‍ ഈ വമ്പന്‍ തുകയുടെ കണക്കുകളെല്ലാം അവിടെ പൊളിഞ്ഞടങ്ങി
400 മില്യണ്‍ യൂറോയുടെ നെയ്മറും എംബാപ്പെയും, പക്ഷേ 3.5 മില്യണ്‍ യൂറോയുടെ അസെന്‍സിയോ കളി കൊണ്ടുപോയി

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് നെയ്മറെ ടീമിലേക്കെത്തിച്ചും, എംബാപ്പയെ സ്വന്തമാക്കിയും 400 മില്യണ്‍ യൂറോയായിരുന്നു പിഎസ്ജി ട്രാന്‍സ്ഫര്‍ വിപണിയില്‍ ചിലവഴിച്ചത്. പക്ഷേ ചാമ്പ്യന്‍സ് ലീഗില്‍ റയലിന് മുന്നില്‍ നെയ്മറും സംഘവും എത്തിയപ്പോള്‍ ഈ വമ്പന്‍ തുകയുടെ കണക്കുകളെല്ലാം അവിടെ പൊളിഞ്ഞടങ്ങി. 

3.5 മില്യണ്‍ യൂറോ മാത്രം മുടക്കി റയല്‍ സ്വന്തമാക്കിയ സ്പാനീഷ് താരം അസെന്‍സിയോ ക്ലാസ് കളി പുറത്തെടുത്തതോടെ ആരാധകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയം പിടിച്ചു. 

2014ല്‍ മല്ലോക്രയില്‍ നിന്നുമായിരുന്നു മാര്‍കോ അസെന്‍സിയോ റയലില്‍ എത്തുന്നത്. 79ാം മിനിറ്റില്‍ മാത്രമായിരുന്നു അസെന്‍സിയോ പിഎസ്ജിക്കെതിരെ കളത്തിലിറങ്ങുന്നത്. എന്നാല്‍ അസെന്‍സിയോയെ ഇറക്കാനുള്ള സിദാന്റെ ധൈര്യം ഫലം കണ്ടു. മൈതാനത്തിറങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുന്‍പ് തന്നെ ഇടത് വിങ്ങില്‍ നിന്നും അസെന്‍സിയോ ക്രിസ്റ്റിയാനോയ്ക്ക് പന്ത് നല്‍കി. 33ാം മിനിറ്റില്‍ റാബിയോട്ടിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന പിഎസ്ജി അങ്ങിനെ ക്രിസ്റ്റ്യാനോയുടെ 45ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടേയും 83ാം മിനിറ്റിലെ ഗോളിലൂടേയും പിന്നിലേക്ക് വീണു. 

86ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും ഇടത് വിങ്ങില്‍ നിന്നും ഗോളാകാന്‍ പാകത്തില്‍ പന്തെത്തിച്ചു. ഇത്തവണ അതെത്തിയത് മാര്‍സിലോയുടെ കാലുകളിലേക്കായിരുന്നു. ക്രിസ്റ്റ്യാനോയ്ക്കും, റയലിനും സിദാനും പുതുജീവന്‍ നല്‍കിയായിരുന്നു പിഎസ്ജിക്കെതിരായ മത്സരത്തിന് അവസാന വിസില്‍ മുഴങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com