ഇതുപോലൊരു ഹെഡ്ഡര്‍ കൊച്ചിയില്‍ പിറന്നാല്‍? പ്രതിരോധം തകര്‍ന്നെത്തുന്ന ചെന്നൈയാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍

ഇതുപോലൊരു ഹെഡ്ഡര്‍ കൊച്ചിയില്‍ പിറന്നാല്‍? പ്രതിരോധം തകര്‍ന്നെത്തുന്ന ചെന്നൈയാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍

ജംഷഡ്പൂരിന്റെ ഒരു ജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ തല്ലിക്കെടുത്തുമെന്നത് കൊണ്ട് തന്നെ ചെന്നൈയ്ക്ക് കട്ട സപ്പോര്‍ട്ടുമായിട്ടായിരുന്നു മഞ്ഞപ്പടയുടെ ആരാധകര്‍ സൂപ്പര്‍ സണ്‍ഡേയ്ക്കായി ഒരുങ്ങിയത്. എന്നാല്‍ സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങള്‍ ജയം കണ്ട് ജംഷഡ്പൂര്‍ 32ാം മിനിറ്റ് മുതല്‍ മുന്നില്‍ നിന്നതോടെ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ വീണത് ഒന്നൊന്നര കരിനിഴലായിരുന്നു.

പക്ഷേ 88ാം മിനിറ്റില്‍ ഹെഡറിലൂടെ മുഹമ്മദ് റാഫി ചെന്നൈയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിനേയും ടൂര്‍ണമെന്റിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 23ന് അവസാന ഹോം മത്സരം കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങും. സതേണ്‍ ഡെര്‍ബിയില്‍ കൊച്ചിയെ മഞ്ഞക്കടലാക്കുമെന്ന് ആരാധകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്ലേ ഓഫ് സാധ്യതകള്‍ മുന്നില്‍ നിര്‍ത്തി കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ, ഒരിക്കല്‍ കൂടി ചെന്നൈയുടെ രക്ഷകനായി റാഫി വല കുലുക്കുമോയെന്ന ആശങ്ക കൂടി ജംഷഡ്പൂരിനെതിരായ ചെന്നൈയുടെ മത്സരത്തിന് ശേഷം ആരാധകരുടെ മനസില്‍ ഉടലെടുത്തിട്ടുണ്ട്. 

പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുണ്ട് ചെന്നൈ എങ്കിലും സതേണ്‍ ഡെര്‍ബിയില്‍ എത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. പ്രതിരോധ നിരയില്‍ ചെന്നൈയുടെ ശക്തി കേന്ദ്രങ്ങളായ മെയില്‍സണ്‍ അല്‍വെസും, സെറിനോയും ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ പന്തുതട്ടാനുണ്ടാവില്ല. നാല് മഞ്ഞക്കാര്‍ഡ് ഇരുവരുടേയും അക്കൗണ്ടിലേക്ക് വന്നതോടെയാണ് ഇത്. 

ജംഷഡ്പൂരിനെതിരെ പരുങ്ങിയ ചെന്നൈയെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാല്‍ മഞ്ഞപ്പടയ്ക്ക് സാധ്യതകള്‍ സജീവമായി നിലനിര്‍ത്താം. 16 കളികള്‍ കളിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് 24 പോയിന്റില്‍ നില്‍ക്കുമ്പോള്‍ അത്രയും കളികളില്‍ നിന്നും 28 പോയിന്റ് സ്വന്തമാക്കിയാണ് ചെന്നൈയുടെ നില്‍പ്പ്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ കളിയില്‍ തോറ്റാലും ഏഴാം സ്ഥാനത്തുള്ള മുംബൈയ്‌ക്കെതിരെ ജയിച്ചാല്‍ ചെന്നൈയ്ക്ക് 31 പോയിന്റോടെ ചെന്നൈയ്ക്ക് പ്ലേഓഫ് കയറാം. 

ജംഷഡ്പൂരിന് അടുത്ത രണ്ട് കളികളും ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പിക്കാം. എന്നാല്‍ ബംഗളൂരുവിനെതിരായ അടുത്ത മത്സരത്തില്‍ സമനില വഴങ്ങുകയും ഗോവയ്‌ക്കെതിരെ ജയിക്കുകയും ചെയ്താല്‍ ജംഷഡ്പൂരിന്റെ പോയിന്റ് 30ലേക്കെത്തും. രണ്ട്  മത്സരങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോയിന്റും 30. ഗോള്‍ ശരാശരിയാകും അപ്പോള്‍ പ്ലേഓഫ് ടീമിനെ നിര്‍ണയിക്കുക. 

അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയും വാങ്ങി വരുന്ന ഗോവയ്ക്ക് അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരും പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com