'ഇങ്ങനെയാണോ കളിക്കേണ്ടത്'; ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐ.എം. വിജയന്‍

നിര്‍ണായകമായ പെനാല്‍റ്റി കിക്ക് എടുക്കാന്‍ പരിചയ സമ്പന്നനായ ബര്‍ബറ്റോവടക്കമുള്ള താരങ്ങളുണ്ടായിരുന്നിട്ടും പെക്കൂസനെ നിയോഗിച്ചതിനേയും മുന്‍ ഇന്ത്യന്‍താരം വിമര്‍ശിച്ചു
'ഇങ്ങനെയാണോ കളിക്കേണ്ടത്'; ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐ.എം. വിജയന്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കാനാകുമെന്ന വിശ്വാസത്തിലാണ് പതിനായിരങ്ങള്‍ ഇന്നലെ കളി കാണാന്‍ എത്തിയത്. പ്ലേഓഫ് സാധ്യതകള്‍ തല്ലിക്കെടുത്തിക്കൊണ്ട് ചെന്നൈ എഫ് സിയുമായുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളരഹിത സമനില വഴങ്ങി. ഇതോടെ ടീമിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അവസരങ്ങള്‍ മുതലെടുക്കാതിരുന്നതാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രധാന വിമര്‍ശനം. 

ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയാണ് ഐ.എം. വിജയന്‍. 'പ്ലേ ഓഫ് നിര്‍ണയിക്കുന്ന ഒരു കളിയില്‍ ഇങ്ങനെയാണോ ബ്ലാസ്‌റ്റേഴ്‌സ് കളിക്കേണ്ടത് ഇന്നലെ അക്രമിച്ച് കളിക്കേണ്ട ടീം പക്ഷെ പുറത്തെടുത്തത് പ്രതിരോധത്തിലൂന്നിയ കളിയാണ്. മരണക്കളി പുറത്തെടുക്കേണ്ട കളിയില്‍ തണുപ്പന്‍ കളിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.' വിജയന്‍ പറഞ്ഞു.

നിര്‍ണായകമായ പെനാല്‍റ്റി കിക്ക് എടുക്കാന്‍ പരിചയ സമ്പന്നനായ ബര്‍ബറ്റോവടക്കമുള്ള താരങ്ങളുണ്ടായിരുന്നിട്ടും പെക്കൂസനെ നിയോഗിച്ചതിനേയും മുന്‍ ഇന്ത്യന്‍താരം വിമര്‍ശിച്ചു. പെക്കൂസന്‍ ഭയത്തോടയാണ് കിക്കെടുക്കാന്‍ നിന്നതെന്നും ആത്മവിശ്വാസമില്ലായ്മ അയാളില്‍ പ്രകടമായിരുന്നുവെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

ചെന്നൈ എഫ്‌സി ഗോളി കരണ്‍ജിത്ത് സിംഗിന്റെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്. 17 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റ് മാത്രമാണുള്ളത്. ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ വിജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com