അഞ്ച് ടീമുകള്‍, രണ്ട് സെമി സ്‌പോട്ട്; പുനെയെ തകര്‍ത്ത ഗോവ കൂടി എത്തുന്നതോടെ ഫോട്ടോ ഫിനിഷിലേക്ക്

ചെന്നൈ, ജംഷഡ്പൂര്‍,ബ്ലാസ്റ്റേഴ്‌സ്, ഗോവ, മുംബൈ എന്നീ അഞ്ച് ടീമുകളാണ് മൂന്നും നാലും സ്ഥാനത്തേക്കെത്തി സെമി ലക്ഷ്യം വയ്ക്കുന്നത്
അഞ്ച് ടീമുകള്‍, രണ്ട് സെമി സ്‌പോട്ട്; പുനെയെ തകര്‍ത്ത ഗോവ കൂടി എത്തുന്നതോടെ ഫോട്ടോ ഫിനിഷിലേക്ക്

രണ്ട് സെമി ഫൈനല്‍ സ്ഥാനത്തേക്ക് വേണ്ടി അഞ്ച് ടീമുകളുടെ പോരാട്ടം. ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയോട് ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങുകയും, ജംഷഡ്പൂര്‍ ബംഗളൂരുവിനോട് തോല്‍ക്കുകയും, ഗോവ ശക്തരായ പുനെയെ തകര്‍ത്ത് വിടുകയും ചെയ്തതോടെ ഐഎസ്എല്‍ നാലാം സീസണിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 

ചെന്നൈ, ജംഷഡ്പൂര്‍,ബ്ലാസ്റ്റേഴ്‌സ്, ഗോവ, മുംബൈ എന്നീ അഞ്ച് ടീമുകളാണ് മൂന്നും നാലും സ്ഥാനത്തേക്കെത്തി സെമി ലക്ഷ്യം വയ്ക്കുന്നത്. ഐഎസ്എല്ലിന് പിന്നാലെ വരുന്ന സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട് ഈ ടീമുകള്‍. ഐഎസ്എല്ലില്‍ ആദ്യ ആറ് സ്ഥാനത്തേക്കെത്തുന്ന ടീമുകള്‍ക്കായിരിക്കും സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടുക. 

ചെന്നൈയിന്‍ എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സിനോട് സമനിലയില്‍ കുരുങ്ങിയതോടെയാണ് ചെന്നൈയുടെ സെമി പ്രവേശനം നീണ്ടുപോവുന്നത്. മുംബൈയ്‌ക്കെതിരെയാണ് ചെന്നൈയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. മുംബൈയും സെമി സാധ്യത മുന്നില്‍ കണ്ട് കളിക്കാനിറങ്ങുന്ന ടീം. 

എന്നാല്‍ മുംബൈയെ സമനിലയില്‍ പിടിച്ചാല്‍ പോലും ചെന്നൈയ്ക്ക് സെമിയില്‍ കയറാം എന്ന സാധ്യതയാണ് നിലവിലുള്ളത്. പക്ഷേ മുംബൈയോട് തോറ്റാല്‍ മറ്റ് ടീമുകളുടെ റിസല്‍റ്റ് ആശ്രയിച്ചായിരിക്കും ചെന്നൈയുടെ സെമി കയറ്റം. ഗോവയും മുംബൈയുമാണ് ചെന്നൈയുടെ സെമി പ്രതീക്ഷയ്ക്ക്  മങ്ങലേല്‍പ്പിക്കുന്നത്. 

അടുത്ത മത്സരത്തില്‍ മുംബൈ ചെന്നൈയെ തോല്‍പ്പിക്കുകയും, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ജയിക്കുകയും ചെയ്താല്‍ അവരുടെ പോയിന്റ് 29ലേക്കെത്തും. അങ്ങിനെ വരുമ്പോള്‍ രണ്ട് ടീമിന്റേയും പോയിന്റ് 29. ഗോള്‍ ശരാശരിയും, ഇരുവരും ഏറ്റുമുട്ടിയപ്പോഴുള്ള കണക്കും പരിശോധിച്ചാല്‍ മുംബൈയ്ക്ക് അനുകൂലമായി സെമി വാതിലുകള്‍ തുറക്കും. 

അടുത്ത രണ്ട് കളികളും ഗോവ ജയിച്ചാല്‍ അവരുടെ പോയിന്റ് 30ലേക്കെത്തും. മൂന്നാം സ്ഥാനം ഗോവ കൊണ്ടുപോവുകയും ചെയ്യും. പിന്നെ ചെന്നൈയും മുംബൈയും നാലാം സ്ഥാനത്തിന് വേണ്ടിയാവും പോരുതേണ്ടത്. 

ജംഷഡ്പൂര്‍

ബംഗലൂരുവിനെതിരെ കളത്തിലിറങ്ങുന്നതിന് മുന്‍പ് വരെ സെമി പ്രതീക്ഷകള്‍ സജീവമാക്കിയായിരുന്നു സ്റ്റീവ് കോപ്പലിന്റേയും സംഘത്തിന്റേയും യാത്ര. ഗോവയ്‌ക്കെതിരെയാണ് ജംഷഡ്പൂരിന്റെ അവസാന മത്സരം. പുനെയെ നാല് ഗോളുകള്‍ക്ക് വിരട്ടി വിട്ട ഗോവയെ നേരിടുമ്പോള്‍ പതറിയാല്‍ ജംഷഡ്പൂരിന്റെ സെമി സാധ്യതകള്‍ക്ക് താഴ് വീഴും. 

ഗോവയ്‌ക്കെതിരെ ജംഷഡ്പൂര്‍ ജയിച്ചാല്‍ 29 പോയിന്റിലേക്ക് അവരെത്തും. ബംഗളൂരുവിനെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുകയും, ജംഷഡ്പൂര്‍ ഗോവയോട് സമനിലയില്‍ കുരുങ്ങുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് വഴി തുറക്കും. 

കേരള ബ്ലാസ്‌റ്റേഴ്‌സ്

നിലവില്‍ 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ശക്തരായ ബംഗളൂരുവാണ് അവസാന മത്സരത്തില്‍ മഞ്ഞപ്പടയുടെ എതിരാളികള്‍. ഗോവ, മുംബൈ, ചെന്നൈ, എന്നീ ടീമുകള്‍ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമിയില്‍ കടക്കാം. 

ഗോവ

ശക്തമായി ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തുടങ്ങിയ ഗോവ പതിയെ പിന്നിലേക്ക് മാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച പുനെയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ട് തിരിച്ചു വരവിന്റെ സൂചന നല്‍കുന്നുണ്ട് ഗോവ. 

രണ്ട് കളികള്‍ ഇനിയും ഗോവയുടെ  പക്കലുണ്ട്. കൊല്‍ക്കത്തയും, ജംഷഡ്പൂരുമാണ് ഗോവയുടെ എതിരാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com