ഗാരി കിര്‍സ്റ്റണും നെഹ്‌റയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകര്‍ ; കിരീടത്തിലേക്ക് ലക്ഷ്യമിട്ട് ടീം മാനേജ്‌മെന്റ് 

ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ് കോച്ചുമാരായാണ് ഇരുവരെയും നിയമിച്ചത്. ടീമിന്റെ മെന്റര്‍മാരായും ഇരുവരും പ്രവര്‍ത്തിക്കും.
ഗാരി കിര്‍സ്റ്റണും നെഹ്‌റയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകര്‍ ; കിരീടത്തിലേക്ക് ലക്ഷ്യമിട്ട് ടീം മാനേജ്‌മെന്റ് 

ബംഗലൂരു : വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയില്‍, ഷെയ്ന്‍ വാട്‌സണ്‍, തുടങ്ങി ലോകക്രിക്കറ്റിലെ വമ്പന്‍ താരങ്ങളുണ്ടായിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഇന്നും കിട്ടാക്കനിയാണ്. ആ സ്വപനം യാഥാര്‍ത്ഥ്യമാക്കുക ലക്ഷ്യമിട്ട് ശക്തമായ നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്. ഇതിന്റെ ഭാഗമായി പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരവും മുന്‍ ഇന്ത്യന്‍ കോച്ചുമായ ഗാരി കിര്‍സ്റ്റണെയും, മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റയെയും പരിശീലകരായി നിയമിച്ചു. 

ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ് കോച്ചുമാരായാണ് ഇരുവരെയും നിയമിച്ചത്. ടീമിന്റെ മെന്റര്‍മാരായും ഇരുവരും പ്രവര്‍ത്തിക്കും. ഗാരി കിര്‍സ്റ്റണുമായി ടീം മാനേജ്‌മെന്റ് കഴിഞ്ഞ ആഴ്ച കരാര്‍ ഒപ്പുവെച്ചു. ഐപിഎല്ലിലേക്ക് ഗാരിയുടെ രണ്ടാം വരവാണിത്. 2015 ല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിസീലകനായിരുന്നിട്ടുണ്ട് കിര്‍സ്റ്റണ്‍. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മല്‍സരത്തോടെയാണ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 

ബാറ്റിംഗ് ബൗളിംഗ് കോച്ചുമാരായി ഗാരി കിര്‍സ്റ്റണെയും ആശിഷ് നെഹ്‌റയെയും നിയമിക്കാനുള്ള തീരുമാനത്തെ ആര്‍സിബി മുഖ്യപരിശീലകന്‍ ഡാനിയേല്‍ വെറ്റോറി സ്വാഗതം ചെയ്തു. അദ്ദേഹത്തെ മുഖ്യപരിശീലകനായി നിലനിര്‍ത്തിയിട്ടുണ്ട്. ഇരുവരുടെയും അനുഭവ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നും, ആശ്ചര്യകരമായ ഒരു സീസണാണ് പ്രതീക്ഷിക്കുന്നതെന്നും വെറ്റോറി പറഞ്ഞു. 

ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന ലേലത്തില്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ ട്രെന്റ് വുഡ്ഹില്ലിനെയും ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനെയും നിയോഗിച്ചിട്ടുണ്ട്. 2009, 2011, 2016 സീസണുകളില്‍ റണ്ണേഴ്‌സ് അപ്പ് ആയതാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഐപിഎല്ലിലെ മികച്ച നേട്ടം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com