ഈ തൊഴില്‍രഹിതനാകുമോ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച്?; മഞ്ഞപ്പടയുടെ ഇംഗ്ലണ്ട് പ്രേമം അവസാനിപ്പിക്കണം: എന്‍ എസ് മാധവന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടില്‍ നിന്നും കോച്ചുമാരെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കണമെന്ന് എന്‍ എസ് മാധവന്‍
ഈ തൊഴില്‍രഹിതനാകുമോ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച്?; മഞ്ഞപ്പടയുടെ ഇംഗ്ലണ്ട് പ്രേമം അവസാനിപ്പിക്കണം: എന്‍ എസ് മാധവന്‍

കൊച്ചി:പ്രതിസന്ധിയിലായ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീം അംഗവുമായിരുന്ന ഡേവിഡ് ജയിംസ് തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ക്കിടെ, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലണ്ട് പ്രേമത്തിന് എതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഏഴു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച് മഞ്ഞപ്പട പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്നതിനിടെയായിരുന്നു പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്റെ അപ്രതീക്ഷിത രാജി. ഇതിന് പിന്നാലെയാണ് 2014ല്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലകനും മാര്‍ക്വീ താരവുമായിരുന്ന ഡേവിഡ് ജയിംസ് മടങ്ങിവരാന്‍ സാധ്യത എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇംഗ്ലണ്ട് പ്രേമത്തെ വിമര്‍ശിച്ച് എന്‍എസ് മാധവന്‍ രംഗത്തുവന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടില്‍ നിന്നും കോച്ചുമാരെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കണമെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററിലുടെ ആവശ്യപ്പെട്ടു. അത് ഒരു കാരണവശാലും ഗുണകരമാകില്ലെന്നും എന്‍ എസ് മാധവന്‍ മുന്നറിയിപ്പ് നല്‍കി. ലാ ലീഗ, ബുണ്ടെസ് ലീഗ, തുടങ്ങിയ യൂറോപ്പ്യന്‍ ലീഗുകളിലെ ഇംഗ്ലണ്ട് കോച്ചുമാരുടെ പ്രകടനം പരിശോധിക്കാനും ഓര്‍്മ്മിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.  ഇവിടങ്ങളിലെല്ലാം പരിശീലക വേഷമണിഞ്ഞ് തുരുമ്പിച്ചുപോയ ഡേവിഡ് ജയിംസ് കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴില്‍രഹിതനാണെന്നും എന്‍ എസ് മാധവന്‍ പരിഹസിച്ചു.

വ്യാഴാഴ്ച കലൂര്‍ സ്‌റ്റേഡിയത്തില്‍ എഫ്‌സി പുണെ സിറ്റിയെ ബ്ലാസ്‌റ്റേഴ്‌സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിനു 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കം. 

അതേസമയം, നാളെ കൊച്ചിയില്‍ പുണെ സിറ്റി എഫ്‌സിക്കെതിരെ നടക്കുന്ന മല്‍സരത്തിന്റെ ചുമതല ടീമിന്റെ സഹപരിശീലകന്‍ താങ്‌ബോയി സിങ്‌തോയ്ക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള മല്‍സരങ്ങളിലാകും പുതിയ പരിശീലകന്‍ ചുമതലയേറ്റെടുക്കുക എന്നാണ് വിവരം. നോര്‍വേയുടെ മുന്‍ ദേശീയ താരം ജോണ്‍ ആര്‍ണീ റീസയുടെ പേരും പരിഗണനയിലുണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com