പുതുവര്‍ഷത്തിലും വിജയതീരത്ത് എത്താതെ അരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് - പൂനെ മത്സരം സമനിലയില്‍ - ആദ്യപകുതിയില്‍ ഒരു ഗോളിന് പുറകിലാ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടിയത് 74ാം മിനുറ്റില്‍ 
പുതുവര്‍ഷത്തിലും വിജയതീരത്ത് എത്താതെ അരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: പുതുവര്‍ഷത്തിലും വിജയതീരത്തെത്താന്‍ ആരാധകര്‍ക്ക് മുന്‍പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. മുഖ്യപരിശീലകന്‍ പാതിവഴിയിലിട്ടിട്ടും പുനെയുടെ സ്പീഡ് ഗെയിമിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ 74ാം മിനുറ്റില്‍ സമനില പിടിച്ചു. മനോഹരമായ നീക്കത്തിനൊടുവില്‍ മാര്‍ക് സിഫ്‌നോസിന്റെ സുന്ദരന്‍ ഫിനിഷിംഗില്‍ നിന്നായിരുന്നു മഞ്ഞപ്പടയുടെ സമനില ഗോള്‍. പെക്കൂസന്റെ മനോഹരമായ പാസ് സൗന്ദര്യാത്മക ഫുട്‌ബോളിന്റെ ചിറകുവിരിച്ച് സിഫ്‌നോസ് വലയിലാക്കി.

ആദ്യ പകുതിയുടെ 33ാം മിനുറ്റില്‍ ഗോളടി യന്ത്രം മാര്‍സലീഞ്ഞോയുടെ ഗോളില്‍ നിന്നാണ് പുനെ ലീഡ് സ്വന്തമാക്കിയത്.  മലയാളി താരം ആഷിഖ് കരുണിയന്റെ പാസില്‍ നിന്നായിരുന്നു മാര്‍സലീഞ്ഞോയുടെ ഗോള്‍. ആദ്യ പകുതിയില്‍ നിറംമങ്ങിയ കേരളം രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണങ്ങളുമായി തിരിച്ചെത്തി. പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന് കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരമാണിത്

സീസണിലെ തുടര്‍ച്ചയായ അഞ്ചാം സമനിലയോടെ എട്ടു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തു തുടരുന്നു. ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുമായി പുണെ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. ചെന്നൈയിനും 16 പോയിന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിലെ മേധാവിത്തമാണ് പുണെയ്ക്ക് ഒന്നാം സ്ഥാനത്തെത്താന്‍ സഹായകമായത്. ഇനി ജനുവരി 10ന് പുതിയ പരിശീലകന്‍ ഡേവിഡ് ജയിംസിനു കീഴില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com