കോഹ് ലിയെ കിട്ടാന്‍ പണം വാരിയെറിഞ്ഞ് ബാംഗ്ലൂര്‍; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക

കോഹ് ലിക്ക് പിന്നാലെ ചെന്നൈയുടെ മഹേന്ദ്ര സിങ് ധോനിയും, മുംബൈയുടെ രോഹിത് ശര്‍മയുമുണ്ട്
കോഹ് ലിയെ കിട്ടാന്‍ പണം വാരിയെറിഞ്ഞ് ബാംഗ്ലൂര്‍; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക

ഈയിടെയായി കോഹ് ലിയുടെ പേര് കേട്ടാല്‍ പിന്നാലെ എന്തേലും റെക്കോര്‍ഡുകളെ കുറിച്ചാണോ പറയുന്നതെന്നാവും എല്ലാവരും നോക്കുക. റെക്കോര്‍ഡുകളുടെ തോഴനായി മാറി കഴിഞ്ഞു ഇന്ത്യന്‍ നായകന്‍. 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുക സ്വന്തം പോക്കറ്റിലാക്കിയാണ് കോഹ് ലി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തീര്‍ക്കുന്നത്. കോഹ് ലിയെ ടീമില്‍ നിലനിര്‍ത്താന്‍ 17 കോടി രൂപയാണ് റോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാരിയെറിഞ്ഞത്. 

കോഹ് ലിക്ക് പിന്നാലെ ചെന്നൈയുടെ മഹേന്ദ്ര സിങ് ധോനിയും, മുംബൈയുടെ രോഹിത് ശര്‍മയുമുണ്ട്. 15 കോടി രൂപ മുടക്കിയാണ് ഇരുവരേയും ടീമുകള്‍ നിലനിര്‍ത്തിയത്. കോഹ് ലിക്കും നേരത്തെ 15 കോടി രൂപയാണ് വില നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീടത് 17 കോടി രൂപയായി ബാംഗ്ലൂര്‍ ഉയര്‍ത്തുകയായിരുന്നു. 

ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച് അവസാനഘട്ടത്തില്‍ മലക്കം മറിച്ചിലുകള്‍ ഒന്നുംതന്നെ നടത്താതെയായിരുന്നു എല്ലാ ഐപിഎല്‍ ടീമുകളുടേയും സമീപനം. 11 കോടി രൂപ വിലയിട്ട് സുരേഷ് റെയ്‌നയേയും, ഏഴ് കോടി രൂപ വിലയില്‍ ജഡേജയേയും ചെന്നൈ ധോനിക്കൊപ്പം ടീമില്‍ നിലനിര്‍ത്തി. 

കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ കണക്കു കൂട്ടലുകളെ അല്‍പ്പം തെറ്റിച്ചത്. ഡല്‍ഹി ടീമിന്റെ ഭാഗമാകാനുള്ള ഗംഭീറിന്റെ താത്പര്യത്തെ തുടര്‍ന്നാണിതെന്നും സൂചനയുണ്ട്. ഗംഭീറിനെ നിലനിര്‍ത്താതിരുന്ന കല്‍ക്കത്ത 12.5 കോടി രൂപ മുടക്കി സുനില്‍ നരൈയ്‌നേയും, റസലിനേയും ഒപ്പം കൂട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com