ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു ; യൂസഫ് പത്താന് വിലക്ക്

യൂസഫ് പത്താനെ ആഭ്യന്തര മല്‍സരങ്ങള്‍ക്ക് പരിഗണിക്കേണ്ടെന്ന് ബിസിസിഐ ബറോഡ ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു ; യൂസഫ് പത്താന് വിലക്ക്

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. അഞ്ചു മാസത്തേക്കാണ് വിലക്ക്. വിലക്ക് കാലയളവില്‍ യൂസഫ് പത്താനെ ആഭ്യന്തര മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ബിസിസിഐ ബറോഡ ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി. 

വിലക്ക് വന്നതോടെ, ഐപിഎല്‍ ടൂര്‍ണമെന്റ് യൂസഫ് പത്താന് നഷ്ടമാകും. 2017 മാര്‍ച്ച് 16 നാണ് പത്താന്‍, ആഭ്യന്തര ടി-20 മല്‍സരത്തിന് മുന്നോടിയായി മൂത്ര സാമ്പിള്‍ പരിശോധനയ്ക്കായി ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധന വിഭാഗത്തിന് നല്‍കിയത്. എന്നാല്‍ പരിശോധനാഫലം വന്നപ്പോള്‍ യൂസഫ്  പത്താന്റെ യൂറിനില്‍ നിരോധിക്കപ്പെട്ട ടെര്‍ബുട്ടാലിന്റെ അംശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ വിലക്കിയ പദാര്‍ത്ഥങ്ങളില്‍പ്പെടുന്നതാണ് ടെര്‍ബുട്ടാലിന്‍. അതേസമയം ചുമയ്ക്ക് മരുന്ന് ഉപയോഗിച്ചിരുന്നു. അതിലുണ്ടായിരുന്ന രാസപദാര്‍ത്ഥമാകും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമെന്നും യൂസഫ് പത്താന്‍ ബിസിസിഐയെ അറിയിച്ചു. മെഡിക്കല്‍ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെട്ട ബിസിസിഐ അധികൃതര്‍ യൂസഫ് പത്താന്റെ വിശദീകരണം തൃപ്തികരമാണെന്ന് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com