ബ്രാഡ്മാനെപോലും പിന്നിലാക്കി ഈ അഫ്ഗാന്‍ താരം 

കന്നി മത്സരത്തില്‍ തന്നെ പുറത്താകാതെ 256റണ്‍സ് വാരിക്കൂട്ടിയ ബാഹീര്‍ ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്
ബ്രാഡ്മാനെപോലും പിന്നിലാക്കി ഈ അഫ്ഗാന്‍ താരം 

ബാറ്റിംഗ് ആവറേജിനെകുറിച്ച് ചര്‍ച്ചചെയ്യുമ്പോഴൊക്കെ സംസാരവിഷയമാകുന്ന ആദ്യ പേര് ഡോണ്‍ ബ്രാഡ്മാന്റെതാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസത്തെപോലും പിന്നിലാക്കുകയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഈ യുവതാരം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 1000ത്തിലധികം റണ്ണുകള്‍ നേടിയ ബാഹീര്‍ ഷായാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാറ്റിംഗ് ആവറേജ് ഉള്ള ക്രിക്കറ്റ് താരം. 12ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ബാഹീറിന്റെ ബാറ്റിംഗ് ശരാശരി 121.77ആണ്.

ബ്രാഡ്മാന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആവറേജിനേക്കാള്‍ കൂടുതലാണ് ഈ 18കാരന്റെ ഇപ്പോഴത്തെ ആവറേജ്. 95.14 ആയിരുന്നു ബ്രാഡ്മാന്റെ ആവറേജ്. കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചുതുടങ്ങിയ ബാഹീര്‍ ഇതിനോടകം അഞ്ച് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ച്വറികളും നേടികഴിഞ്ഞു. പുറത്താകാതെ നേടിയ 303 റണ്‍സ് എന്ന നേട്ടമാണ് ബാഹീറിന്റെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ്. 

കന്നി മത്സരത്തില്‍ തന്നെ പുറത്താകാതെ 256റണ്‍സ് വാരിക്കൂട്ടിയ ബാഹീര്‍ ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ക്ക് പിന്നാലെയെത്തി ബാഹീറിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ഇന്നിംഗ്‌സ്. ഇതോടെ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലും ഈ അഫ്ഗാന്‍ താരത്തെ രണ്ടാം സ്ഥാനക്കാരനായി.  

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഐസിസി അണ്ടര്‍-19 ലോകകപ്പ് കളിക്കുന്ന അഫ്ഗാന്‍ ടീമിന്റെ ഭാഗമാണ് ബാഹീര്‍. ലോകകപ്പ് കളിക്കാന്‍ അവസരം കിട്ടുന്നത് ഏതൊരു കളിക്കാരനും തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശ്രമത്തിലാണെന്നും ബാഹീര്‍ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ബാഹീറിന്റെ ഏറ്റവും ഇഷ്ട താരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹാഷിം അംലയാണ്. ഏത് പ്രതികൂല സാഹചര്യത്തെയും ശാന്തനായി നിന്നുകൊണ്ട് നേരിടുന്നതാണ് ഹാഷിമിനെ പ്രിയതാരമാക്കാന്‍ കാരണം. 

കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനിസ്ഥാന് ഐസിസി ടെസ്റ്റ് സ്റ്റാറ്റസ് അനുവദിച്ചത്. ആദ്യ ടെസ്റ്റ് മാച്ചില്‍ അഫ്ഗാനിസ്ഥാന്‍ നേരിടുന്നത് ഇന്ത്യന്‍ ടീമിമനെയായിരിക്കും. എന്നാല്‍ കളിയുടെ തിയതിയും സ്ഥലവുമൊന്നും ഇതുവരെ തീരുമാനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com