ഡ്രെസിംഗ് റൂമിലെത്തിയ ദാവൂദ് ഇബ്രാഹിമിനെ കപില്‍ദേവ് പുറത്താക്കി : ദിലീപ് വെംഗ്‌സര്‍കര്‍

1987 ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.
ഡ്രെസിംഗ് റൂമിലെത്തിയ ദാവൂദ് ഇബ്രാഹിമിനെ കപില്‍ദേവ് പുറത്താക്കി : ദിലീപ് വെംഗ്‌സര്‍കര്‍

മുംബൈ : ഷാര്‍ജയില്‍ നടക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് മല്‍സരം കാണാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹം എത്താറുണ്ടായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ക്രിക്കറ്റ് മല്‍സരം വീക്ഷിക്കുന്ന ദാവൂദിന്റെ ചിത്രങ്ങളും നാം നിരവധി  കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രെസിംഗ് റൂമിലെത്തിയ ദാവൂദിനെ ക്യാപ്റ്റനായ കപില്‍ദേവ് ഇറക്കി വിട്ട സംഭവം ഉണ്ടായി എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സര്‍ക്കര്‍ വെളിപ്പെടുത്തുന്നു. 

1987 ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. കപില്‍ദേവ് മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് നടന്‍ മെഹ്മൂദിനൊപ്പം ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ടീമിന്റെ ഡ്രെസ്സിംഗ് റൂമിലെത്തി. ടീമിലെ മറ്റാര്‍ക്കും ദാവൂദിനെ മനസ്സിലായില്ല. എന്നാല്‍ താന്‍ മുമ്പൊരിക്കല്‍ മഹ്മൂദിനൊപ്പം ദാവൂദിന്റെ ചിത്രം കണ്ടിട്ടുണ്ട്. അയാള്‍ തന്നെയല്ലേ ഇതെന്ന് താന്‍ സംശയിച്ചു. ദിലീപ് വെംഗ്‌സര്‍ക്കര്‍ പറഞ്ഞു. 

ദിലീപ് വെംഗ്‌സര്‍ക്കര്‍
ദിലീപ് വെംഗ്‌സര്‍ക്കര്‍

ഇതിനിടെ ടീമംഗങ്ങളുമായി സംസാരിച്ച ദാവൂദ് ഇബ്രാഹിം, നാളത്തെ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ വിജയിച്ചാല്‍ എല്ലാ കളിക്കാര്‍ക്കും കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി. അന്ന് ടീമിന്റെ മാനേജര്‍ ജയ്‌വന്ത് ലെലെയായിരുന്നു. ഞാനാണ് ടീമിന്റെ മാനേജര്‍. ടീം ജയിച്ചാല്‍ തനിക്കും കാര്‍ കിട്ടുമോ എന്ന് ലെലെ ദാവൂദിനോട് ചോദിച്ചു. തീര്‍ച്ചയായും കാര്‍ നല്‍കുമെന്ന് ദാവൂദ് പറഞ്ഞു. 

വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഡ്രെസിംഗ് റൂമിലെത്തിയ കപില്‍ദേവ് ഞെട്ടി. ആരാണിയാള്‍ എന്ന് ദാവൂദിന് നേരെ ചൂണ്ടി ചോദിച്ച കപില്‍ദേവ്, തനിക്ക് ടീമംഗങ്ങളുമായി സംസാരിക്കാനുണ്ടെന്നും ഇരുവരും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ദാവൂദ്  ഇബ്രാഹിം ഡ്രെസിംഗ് റൂം വിട്ടുപോയി. ദിലീപ് വെംഗ്‌സര്‍ക്കര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com