'പുറത്തുള്ളവരുടെ അഭിപ്രായം അനുസരിച്ച് ടീമിനെ നിശ്ചയിക്കാനാവില്ല'; ഗാംഗുലിക്ക് മറുപടിയുമായി കൊഹ് ലി

രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിമര്‍ശകര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍
'പുറത്തുള്ളവരുടെ അഭിപ്രായം അനുസരിച്ച് ടീമിനെ നിശ്ചയിക്കാനാവില്ല'; ഗാംഗുലിക്ക് മറുപടിയുമായി കൊഹ് ലി

ക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലെ പരാജയം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മികച്ച ഫോമിലുള്ള അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റര്‍ സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിമര്‍ശകര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഡ്രസ്സിംഗ് റൂമിന് പുറത്തുള്ളവരുടെ അഭിപ്രായം അനുസരിച്ച് ടീം നിശ്ചയിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇത് നല്ല തമാശ, അവസാന ടെസ്റ്റിന് മുന്‍പു വരെ അജിന്‍ക്യ രഹാനയെ ആദ്യ പതിനൊന്നില്‍ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ ഒരാഴ്ച കൊണ്ട് അതെല്ലാം മാറി. അപ്പോള്‍ എല്ലാവരുടേയും അഭിപ്രായം രഹാനെ ടീമില്‍ ഉണ്ടാകണമെന്നാണ്. പുറത്തുള്ളവരുടെ അഭിപ്രായത്തിന് അനുസരിച്ച് കളിക്കാരെ നിശ്ചയിക്കാന്‍ ഞങ്ങള്‍ക്കാവില്ല- കൊഹ് ലി പറഞ്ഞു. 

രണ്ടാമത്തെ ടെസ്റ്റില്‍ രഹാനെ കളിക്കുമോ എന്ന ചോദ്യത്തിന് കൊഹ് ലി വ്യക്തമായ മറുപടി നല്‍കിയില്ല. രഹാനെ കളിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ടീമിന്റെ ഘടനയ്ക്ക് അനുസരിച്ചാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും കൊഹ് ലി വ്യക്തമാക്കി. രഹാനെ മികച്ച ബാറ്റ്‌സ്മാനാണെന്നും വിദേശ രാജ്യങ്ങളിലെ പ്രകടനം പകരം വെക്കാനാവാത്തതാണെന്നും കൊഹ് ലി പറഞ്ഞു. ആദ്യ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനകളും ക്യാപ്റ്റന്‍ നല്‍കി. 

ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് രഹാനയെ കളിപ്പിക്കാത്തത് വിമര്‍ശനമേറ്റുവാങ്ങിയത്. ഓവര്‍സീസില്‍ മികച്ച റെക്കോഡുകളുള്ള താരത്തെ പുറത്തിരുത്തിയതാണ് ഗാംഗുലി ഉള്‍പ്പടെയുള്ളവരെ ചൊടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com