മിന്നല്‍ ശതകവുമായി ഋഷഭ് പന്ത് ; സ്വന്തമാക്കിയത് ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി

32 പന്തില്‍  12 സിക്‌സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടുന്നതാണ് ഋഷഭ് പന്തിന്റെ ഇന്നിംഗ്‌സ്
മിന്നല്‍ ശതകവുമായി ഋഷഭ് പന്ത് ; സ്വന്തമാക്കിയത് ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി

ന്യൂഡല്‍ഹി : ട്വന്റി-20 യിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി നേടി ഫോമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഡല്‍ഹിയുടെ യുവതാരം ഋഷഭ് പന്ത്. 32 പന്തിലാണ് ഋഷഭ് പന്തിന്റെ സെഞ്ച്വറി. സയീദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരെയായിരുന്നു ഋഷഭ് പന്തിന്റെ മിന്നല്‍ സെഞ്ച്വറി. 

12 സിക്‌സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിംഗ്‌സ്. 38 പന്തില്‍ 116 റണ്‍സുമായി പന്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രദേശ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പന്തിന്റെ അതിവേഗ ഇന്നിംഗ്‌സിന്റെ ബലത്തില്‍ 10 വിക്കറ്റിന് വിജയിച്ചു. ഡല്‍ഹിക്ക് വേണ്ടി ഗൗതം ഗംഭീര്‍ 33 പന്തില്‍ 30 റണ്‍സെടുത്തു. 

ആഭ്യന്തര ക്രിക്കറ്റില്‍ ഫോം ഇല്ലായ്മ മൂലം വലയുകയായിരുന്നു സമീപ കാലത്ത് ഋഷഭ് പന്ത്. കഴിഞ്ഞ രഞ്ജിട്രോഫി ഫൈനലിലും ഡല്‍ഹി നായകനായിരുന്ന ഋഷഭിന് തിളങ്ങാനായില്ല. ഇതേത്തുടര്‍ന്ന് ഋഷഭിനെ നായകസ്ഥാനത്തു നിന്നും അടുത്തിടെ ഒഴിവാക്കിയിരുന്നു. 

ഐപിഎല്ലില്‍ ക്രിസ് ഗെയില്‍ 30 പന്തില്‍ നേടിയ സെഞ്ച്വറിയാണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി. 2013 ഐപിഎല്ലില്‍ പൂനെ വാറിയേഴ്‌സിനെതിരെയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com