ഇന്ത്യയെ ചുരുട്ടിക്കെട്ടി;  ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സ് വിജയം, പരമ്പര

287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 151 ല്‍ അവസാനിച്ചു
ഇന്ത്യയെ ചുരുട്ടിക്കെട്ടി;  ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സ് വിജയം, പരമ്പര


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍  ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.  287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 151 ല്‍ അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയവും പരമ്പരയും സ്വന്തം. 135 റണ്‍സിനാണ് ആതിഥേയരുടെ വിജയം. 

എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-മുഹമ്മദ് ഷാമി സഖ്യമാണ് ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതല്‍ ജൊഹാനാസ്ബര്‍ഗില്‍ നടക്കും.

87 റണ്‍സെടുക്കുമ്പോഴേക്കും രോഹിത് ശര്‍മ ഒഴികെയുള്ള അംഗീകൃത ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ പരാജയം മണത്തു.പിന്നിട് അനിവാര്യമായ തോല്‍വിയെ എത്രനേരം പ്രതിരോധിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് വിദൂര പ്രതീക്ഷ സമ്മാനിച്ച രോഹിത്-ഷാമി സഖ്യത്തെ പൊളിച്ച് കഗീസോ റബാഡ ഇന്ത്യയെ പെട്ടെന്നുതന്നെ ചുരുട്ടിക്കെട്ടി. 47 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷാമി 24 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സെടുത്ത് പുറത്തായി.

മൂന്നിന് 35 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 47 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത പൂജാര റണ്ണൗട്ടാവുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വന്ന പാര്‍ഥിവ് പട്ടേലിനെ കഗീസോ റബാഡയുടെ പന്തില്‍ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കിയതോടെ കളി തീരുമാനമായി. 49 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണ് പട്ടേല്‍ 19 റണ്‍സെടുത്തത്.

ടെസ്റ്റ് കളിക്കാന്‍ താന്‍ ഇനിയും പൂര്‍ണ സജ്ജനല്ല എന്നു തെളിയിച്ച് നിരുത്തരവാദിത്തപരമായ ഷോട്ടിലൂടെ ഹാര്‍ദിക് പാണ്ഡ്യയും മടങ്ങി.  12 പന്തില്‍ ആറു റണ്‍സെടുത്ത പാണ്ഡ്യയെ എന്‍ഗിഡിയാണ് മടക്കിയത്. ആറു പന്തില്‍ മൂന്നു റണ്‍സുമായി അശ്വിനെയും എന്‍ഗിഡി പുറത്താക്കിയതോടെ 87 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടം.

നേരത്തെ, ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മുന്നില്‍ വച്ചു നീട്ടിയതു 287 എന്ന കൊതിപ്പിക്കുന്ന വിജയലക്ഷ്യം. എന്നാല്‍ നാലാം ദിനം അവസാന സെഷനില്‍ തന്നെ കോഹ്‌ലി ഉള്‍പ്പെടെ മൂന്നു പേരെ മടക്കി ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ ഇന്ത്യയ്ക്ക് വരാനിരിക്കുന്നതിന്റെ സൂചന നല്‍കി. മുരളി വിജയ് (ഒന്‍പത്), കെ.എല്‍ രാഹുല്‍ (നാല്), കോഹ്‌ലി (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. എന്‍ഗിഡിയാണ് കോഹ്‌ലിയെയും രാഹുലിനെയും മടക്കിയത്. റബാദ വിജയിയെ ബോള്‍ഡാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com