ഇതുവരെ കണ്ടതൊന്നുമല്ല, കോഹ് ലിക്കും സംഘത്തിനുമുള്ള പണി മൂന്നാം ടെസ്റ്റില്‍ കാണാം; ബൗച്ചറിന്റെ മുന്നറിയിപ്പ്‌

മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ കേപ്ഡൗണിലേതു പോലുള്ള സാഹചര്യങ്ങള്‍ പരിചിതമല്ലാത്തതാണ് അവരെ വലച്ചത്
ഇതുവരെ കണ്ടതൊന്നുമല്ല, കോഹ് ലിക്കും സംഘത്തിനുമുള്ള പണി മൂന്നാം ടെസ്റ്റില്‍ കാണാം; ബൗച്ചറിന്റെ മുന്നറിയിപ്പ്‌

തുടര്‍ച്ചയായ പരമ്പര ജയങ്ങളുടെ ഹാങ് ഓവറില്‍ നിന്നും ദക്ഷിണാഫ്രിക്ക കോഹ് ലിയേയും സംഘത്തിനേയും മോചിപ്പിച്ചു കഴിഞ്ഞു. വൈറ്റ് വാഷ് ഭീഷണിയില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചറിന്റെ മുന്നറിയിപ്പുണ്ട്. ഇതുവരെ കണ്ടത് ഒന്നുമല്ല, ഏറ്റവും കാഠിന്യമേറിയത് മൂന്നാം ടെസ്റ്റില്‍ വരാനിരിക്കുന്നതേയുള്ളു എന്നാണ് ബൗച്ചര്‍ ഇന്ത്യന്‍ സംഘത്തോട് പറയുന്നത്. 

അമിത ആത്മവിശ്വാസമല്ല ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നും ബൗച്ചര്‍ വിലയിരുത്തുന്നു. കേപ്ഡൗണില്‍ വിജയിച്ചു കയറുക ബുദ്ധിമുട്ടാണ്. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ കേപ്ഡൗണിലേതു പോലുള്ള സാഹചര്യങ്ങള്‍ പരിചിതമല്ലാത്തതാണ് അവരെ വലച്ചത്. 

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സീം ബൗളേഴ്‌സിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കും. കാരണം അവരെപ്പോഴും അതാണ് കളിക്കുന്നത്. ബൗളര്‍മാരുടെ പൊക്കകൂടുതല്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്ന മുന്‍തൂക്കം കുറച്ചൊന്നുമല്ലെന്നും ബൗച്ചര്‍ പറയുന്നു. രണ്ടാം ടെസ്റ്റിലെ പിച്ചിലെ ഏറ്റകുറച്ചിലുകള്‍ പരിശോധിച്ചാല്‍, എത്ര ഉയരമുണ്ടോ, അത്ര മുന്‍തൂക്കം ബൗളിങ് ആക്രമണത്തില്‍ ലഭിക്കും എന്ന സ്ഥിതിയായിരുന്നു എന്ന് ബൗച്ചര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഞങ്ങളുടെ ബൗളേഴ്‌സിനെതിരെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ബൗച്ചര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ലാറ്റ് പിച്ചുകളില്‍ കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ജീവനുള്ള പിച്ചുകള്‍ ബുദ്ധിമുട്ടുള്ളതാകും. അതിനെ അതിജീവിക്കാന്‍ ബാറ്റ്‌സാമാന്റെ മനസാന്നിധ്യം കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. 

രഹാനേയെ  ഒഴിവാക്കിയ കോഹ് ലിയുടെ നടപടി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായതായും ബൗച്ചര്‍ പറയുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്ന താരമായിരുന്നു രഹാനെയെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com