2018ലെ ഐപിഎല്‍ പൂരത്തിന് ഏപ്രില്‍ ഏഴിന് കൊടിയേറും ; മല്‍സര സമയത്തില്‍ മാറ്റം 

ഏഴാം തീയതി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാകും ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കുക
2018ലെ ഐപിഎല്‍ പൂരത്തിന് ഏപ്രില്‍ ഏഴിന് കൊടിയേറും ; മല്‍സര സമയത്തില്‍ മാറ്റം 

മുംബൈ : 2018 സീസണിലെ കുട്ടിക്രിക്കറ്റ് പൂരത്തിന് ഏപ്രില്‍ ഏഴിന് കൊടിയേറും. ഏഴാം തീയതി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാകും ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മല്‍സരത്തില്‍ കളിക്കും. മുംബൈയുടെ എതിരാളികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഐപിഎല്ലിന്റെ ഫൈനല്‍
മല്‍സരം മെയ് 27 ന് മുംബൈയില്‍ തന്നെയാകും നടക്കുക. 

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഐപിഎല്‍ മല്‍സരങ്ങളുടെ സമയമാറ്റത്തിനും യോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് വൈകീട്ട് നടക്കുന്ന മല്‍സരങ്ങള്‍ ആരംഭിക്കുന്നത് 5.30 നായിരിക്കും. നേരത്തെ ഇത് നാലുമണിക്കായിരുന്നു.

രണ്ടാമത്തെ മല്‍സരം രാത്രി എട്ടുമണിയില്‍ നിന്ന്, ഏഴു മണിയിലേക്ക് മാറ്റി. ചൂടുകൂടിയ കാലാവസ്ഥ കൂടി പരിഗണിച്ചാണ് സമയമാറ്റമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കൂടാതെ, രണ്ടാമത്തെ മല്‍സരം കഴിയുന്നത് അര്‍ധരാത്രിയാകുന്നതോടെ, കാണികള്‍ക്ക് തിരികെ പോകാന്‍ വാഹനം ലഭിക്കാത്തതും സമയമാറ്റത്തിന് ഘടകമായി. സമയം മാറ്റാനുള്ള തീരുമാനം ഐപിഎല്‍ സംപ്രേക്ഷണാവകാശം എടുത്ത സ്റ്റാര്‍ ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്. 

അതുപോലെ തന്നെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിനും ഹോം ഗ്രൗണ്ടുകളും നിശ്ചയിച്ചു. ഇതനുസരിച്ച് ഐപിഎല്ലിലെ ഏഴു മല്‍സരങ്ങള്‍ക്ക് കിംഗ് ഇലവന് മൊഹാലി ഹോം ഗ്രൗണ്ടായി ഉപയോഗിക്കാം. അവശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് ഇന്‍ഡോറും വിനിയോഗിക്കാം.  രാജസ്ഥാന്‍ രോയല്‍സിന് ജയ്പൂര്‍ സ്റ്റേഡിയമാണ് പരിഗണനയിലുള്ളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയ്പൂര്‍ സ്റ്റേഡിയം അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com