ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കിയ കൈകള്‍; ജാമി ബോയ്‌സ് കുതിക്കുമ്പോള്‍ ക്രെഡിറ്റ് ദ്രാവിഡിന് തന്നെ

യുവ താരങ്ങളെ ആരാധകര്‍ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനെ മറന്നുകളയാനും ക്രിക്കറ്റ് പ്രേമികള്‍ തയ്യാറല്ല
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കിയ കൈകള്‍; ജാമി ബോയ്‌സ് കുതിക്കുമ്പോള്‍ ക്രെഡിറ്റ് ദ്രാവിഡിന് തന്നെ

പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ആധികാരികമായിട്ടായിരുന്നു അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടം മുതല്‍ ഓരോ കളിയിലും ടീമിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറി മാറി ഉദിക്കുന്ന കളിക്കാരായിരുന്നു ഇന്ത്യയുടെ പ്ലസ് പോയിന്റ്. 

ആദ്യ കളിയില്‍ നായകന്‍ പൃഥ്വി ഷായാണ് തിളങ്ങിയതെങ്കില്‍ പിന്നീടത് ഷുബ്മന്‍ ഗില്ലിലേക്ക് വന്നു. ഓള്‍ റൗണ്ട് മികവില്‍ തിളങ്ങിയ അഭിഷേക് ശര്‍മ ഇന്ത്യയെ സെമിയില്‍ എത്തിച്ചപ്പോള്‍ ഇഷാന്‍ പോരില്ലെന്റെ മികച്ച ബൗളിങ്ങായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് അനായാസമാക്കിയത്. 

ഓസീസിനെതിരെ നൂറ് റണ്‍സിന് ജയം പിടിച്ച് കളി തുടങ്ങിയ ഇന്ത്യ രണ്ടും മൂന്നും ഗ്രൂപ്പ് മത്സരങ്ങളില്‍ പത്ത് വിക്കറ്റിനായിരുന്നു ജയിച്ചു കയറിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്തപ്പോള്‍ സെമിയില്‍ പാക്കിസ്ഥാന്‍ കീഴടങ്ങിയത് 203 റണ്‍സിനാണ്. അപ്പോള്‍ പിള്ളേരെ പിടിച്ചാല്‍ കിട്ടില്ലെന്ന് വ്യക്തം.

യുവ താരങ്ങളെ ആരാധകര്‍ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനെ മറന്നുകളയാനും ക്രിക്കറ്റ് പ്രേമികള്‍ തയ്യാറല്ല. കഴിവുള്ള താരങ്ങളെ കണ്ടെത്തി അവരെ പരിപോഷിപ്പിച്ച് ഇപ്പോള്‍ ലോക കപ്പ് ഫൈനലിലേക്ക് വരെ എത്തിച്ചതില്‍ ദ്രാവിഡിനുള്ള പങ്ക് എത്രമാത്രമാണെന്ന് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായറിയാം. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാക്കുന്ന ദ്രാവിഡിന്റെ കരങ്ങള്‍ക്ക് നന്ദി പറയുകയാണ് ഇന്ത്യക്കാര്‍. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ്ണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് ഫൈനലിലേക്ക് എത്തിക്കുന്നത്. 2016ലെ ഫൈനലില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com