കോച്ചിങ് സ്ഥാനത്തെ മാറ്റമാണ് തന്റെ പോക്കിലേക്ക് നയിച്ചതെന്ന് സിഫ്‌നിയോസ്; അവര്‍ക്ക് എന്നേക്കാള്‍ വിശ്വാസം ഗുഡ്യോണില്‍

കോച്ചിങ് സ്ഥാനത്തെ മാറ്റമാണ് തന്റെ പോക്കിലേക്ക് നയിച്ചതെന്ന് സിഫ്‌നിയോസ്; അവര്‍ക്ക് എന്നേക്കാള്‍ വിശ്വാസം ഗുഡ്യോണില്‍

മ്യുലന്‍സ്റ്റീന്‍ ഉള്ളപ്പോഴുള്ള ഫീലായിരുന്നില്ല അദ്ദേഹം പോയപ്പോള്‍ എനിക്ക് ഡ്രസിങ് റൂമിലും കളിക്കളത്തിലും

പനാജി: മഞ്ഞപ്പടയുടെ കൂടാരം വിട്ടതിന് പിന്നാലെ ഗോവയിലേക്ക് സിഫ്‌നിയോസ് ചേക്കേറിയതായിരുന്നു ഒരു വിഭാഗം ആരാധകരെ പ്രകോപിപ്പിച്ചത്. ഗോവയിലേക്ക് ചേക്കേറാന്‍ വേണ്ടി സിഫ്‌നിയോസ് മഞ്ഞപ്പട വിട്ടതാണെന്ന രീതിയില്‍ പ്രചാരണകള്‍ വന്നതോടെ സമൂഹമാധ്യമങ്ങളില്‍ സിഫ്‌നിയോസിനെതിരെ രൂക്ഷ പ്രതികരണമായിരുന്നു ഉയര്‍ന്നത്. 

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് വിടുവാനുണ്ടായ യഥാര്‍ഥ കാരണത്തെ കുറിച്ച് പറയുകയാണ് സിഫ്‌നിയോസ്. മ്യുലന്‍സ്റ്റീന്‍ ക്ലബ് വിട്ടതിന് ശേഷം ടീമിലെ എന്റെ സ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നു. മ്യുലന്‍സ്റ്റീന്‍ ഉള്ളപ്പോഴുള്ള ഫീലായിരുന്നില്ല അദ്ദേഹം പോയപ്പോള്‍ എനിക്ക് ഡ്രസിങ് റൂമിലും കളിക്കളത്തിലും. എന്നാല്‍ ഞാന്‍ പോയത് ബ്ലാസ്‌റ്റേഴ്‌സിന് നല്ലതായെന്നാണ് എന്റെ വിലയിരുത്തല്‍. എന്നെക്കാള്‍ അവര്‍ക്കിപ്പോള്‍ ഗ്യുഡ്യോണില്‍ വിശ്വാസമുണ്ടെന്നും സിഫ്‌നിയോസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിഫ്‌നിയോസിന്റെ പ്രതികരണം.

പരിക്കിന്റെ പിടിയിലാണ് സിഫ്‌നിയോസ് എന്ന ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ വാദം പൊളിച്ചായിരുന്നു ഗോവയ്ക്കായി സിഫ്‌നിയോസ് കളിക്കാനിറങ്ങിയത്. പരിക്ക് തന്നെ അലട്ടുന്നില്ലെന്ന് സിഫ്‌നിയോസും പറയുന്നു. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് പോലെ എനിക്ക് പരിക്കൊന്നും ഏറ്റിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിങ് സ്റ്റാഫില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നെ സംബന്ധിച്ച് അപ്പോള്‍ ക്ലബ് വിടുക തന്നെയായിരുന്നു നല്ലത്. യൂറോപ്പില്‍ നിന്നും എനിക്ക് നല്ല ഓഫറുകള്‍ വന്നിരുന്നു. 

ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഇറങ്ങി നാട്ടിലേക്ക് പോകുമ്പോള്‍ തിരിച്ച് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ യൂറോപ്യന്‍ ക്ലബുകളുമായുള്ള കരാര്‍ ഒപ്പിടലും അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴാണ് എഫ്‌സി ഗോവയുടെ വിളി വരുന്നത്. യുവ സ്‌ട്രൈക്കര്‍മാരില്‍ തത്പരനാണ് കോച്ച് സെര്‍ജിയോ ലൊബേര. പ്രൊഫഷണലായ എനിക്ക് ഗോവയുടെ ഓഫര്‍ സ്വീകരിക്കാതിരിക്കാനാവില്ല. 

ബ്ലാസ്റ്റേഴ്‌സ് സിഫ്‌നിയോസിനെ ഒഴിവാക്കിയതാണോ, പരിശീലകന്‍ മാറിയതിനെ തുടര്‍ന്ന് സിഫ്‌നിയോസ് സ്വയം പുറത്തേക്ക് പോയതാണോ എന്നത് വ്യക്തമല്ലെങ്കിലും തന്റെ പോക്ക് രണ്ട് കൂട്ടര്‍ക്കും ഗുണം ചെയ്തതായാണ് സിഫ്‌നിയോസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com