കെമര്‍ റോച്ച് കൊടുങ്കാറ്റില്‍ കടപുഴകി ബംഗ്ലാദേശ്; 43 റണ്‍സില്‍ പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെറും 43 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട് ബംഗ്ലാദേശ്
കെമര്‍ റോച്ച് കൊടുങ്കാറ്റില്‍ കടപുഴകി ബംഗ്ലാദേശ്; 43 റണ്‍സില്‍ പുറത്ത്

നോര്‍ത്ത് സൗണ്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെറും 43 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട് ബംഗ്ലാദേശ്. മറുപടി ബാറ്റിങ് തുടങ്ങിയ വെസ്റ്റിന്‍ഡീസ് മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന സ്‌കോറില്‍. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കേ വിന്‍ഡീസിന് 158 റണ്‍സ് ലീഡ്. 

ടോസ് നേടി വെസ്റ്റിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് ബൗളര്‍മാര്‍  മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.4 ഓവറില്‍ അവരുടെ ചെറുത്തുനില്‍പ്പ് 43 റണ്‍സില്‍ അവസാനിച്ചു. 25 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് രണ്ടക്കം കടന്ന ഏക ബാറ്റ്‌സ്മാന്‍. നാല് താരങ്ങള്‍ സംപൂജ്യരായി മടങ്ങി. ഒരു എക്‌സ്ട്രാ റണ്‍സും വിട്ടുകൊടുക്കാതെയാണ് വിന്‍ഡീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. അഞ്ചോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുത കെമര്‍ റോച്ചിന്റെ മാരക ബൗളിങാണ് ബംഗ്ലാ നിരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിഗ്വേല്‍ കമ്മിങ്‌സും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ജാസന്‍ ഹോള്‍ഡറും ചേര്‍ന്ന് ബംഗ്ലാ  തകര്‍ച്ച പൂര്‍ണമാക്കി. 

മറുപടി തുടങ്ങിയ വിന്‍ഡീസ് കരുത്തോടെ മുന്നേറുന്നു. കളി നിര്‍ത്തുമ്പോള്‍ 88 റണ്‍സുമായി കാര്‍ലോസ് ബ്രാത്‌വെയ്റ്റും ഒരു റണ്‍സുമായി ദേവേന്ദ്രോ ബിഷുവുമാണ് ക്രീസില്‍. 58 റണ്‍സുമായി ഡെവോണ്‍ സ്മിത്തും 48 റണ്‍സുമായി കീരന്‍ പവലും മികച്ച ബാറ്റിങ് പുറത്തെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com