കീമോ ഇഞ്ചക്ഷന് വേണ്ട 2,600 രൂപ കയ്യിലുണ്ട്, ഇനി വേണ്ട നൂറ് രൂപയ്ക്ക് വേണ്ടി കൈനീട്ടുന്ന സ്ത്രീ; പൊള്ളുന്ന ജീവിതം പറഞ്ഞ് അനസ്‌

പറഞ്ഞു തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രക്താര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ജേഷ്ഠനെ കുറിച്ച്
കീമോ ഇഞ്ചക്ഷന് വേണ്ട 2,600 രൂപ കയ്യിലുണ്ട്, ഇനി വേണ്ട നൂറ് രൂപയ്ക്ക് വേണ്ടി കൈനീട്ടുന്ന സ്ത്രീ; പൊള്ളുന്ന ജീവിതം പറഞ്ഞ് അനസ്‌

ഒരു കീമോ ഇഞ്ചക്ഷന് വേണ്ട 2700 രൂപയ്ക്കായിട്ട് മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടുന്നവരെ ഞാനെന്റെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്. അതിലേക്ക് നൂറ് രൂപ പോലും ചേര്‍ക്കാനില്ലാതെ ഓടുന്ന എത്രയോ പേര്‍...മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ കൂട്ടായ്മ ഫോര്‍ സോഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിലെത്തിയതായിരുന്നു ഇന്ത്യയ്ക്ക് ഉരുക്ക് കോട്ട തീര്‍ക്കുന്ന പ്രതിരോധ ഭടന്‍. പക്ഷേ അവിടെ ഫുട്‌ബോള്‍ കടന്നു വന്നില്ല. പറഞ്ഞതത്രയും പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍....

അനസിന്റെ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കൊണ്ടോട്ടി അങ്ങാടിയില്‍ ഓട്ടോ ഓടിക്കുകയും, കണ്ടക്ടര്‍ കുപ്പായമിടുകയും ചെയ്ത തനിക്ക് പ്രസംഗം അത്ര വഴങ്ങില്ലെന്ന് തുടക്കത്തില്‍ തന്നെ അനസ് വ്യക്തമാക്കി. എന്ത് സംസാരിക്കണം എന്ന് പോലും തീരുമാനിക്കാതെയാണ് ഞായറാഴ്ച വൈകുന്നേരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. 

പറഞ്ഞു തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രക്താര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ജേഷ്ഠനെ കുറിച്ച്. കുഞ്ഞാക്കയായിരുന്നു ഞങ്ങളുടെ ശക്തി. ജേഷ്ഠന് രോഗം വന്നത് കുടുംബത്തെയാകെ തളര്‍ത്തി. പലരുടേയും സഹായം കൊണ്ടായിരുന്നു ഉമ്മയും കുഞ്ഞാക്കയും തിരുവനന്തപുരം ആര്‍സിസിയില്‍ പോയി വന്നത്. 

സ്‌കൂള്‍ കൂട്ടിയായിരുന്ന അന്ന് എനിക്കെന്ത് ചെയ്യാനാകും...അന്ന് കുടുംബം അനുഭവിച്ച പ്രയാസം ഓര്‍ക്കുമ്പോള്‍ മനസ് പിടയും. ഒരു കുടുംബത്തെ മാനസീകമായും, സാമ്പത്തികമായും തകര്‍ക്കുന്ന രോഗമാണ് കാന്‍സര്‍. പിന്നെ ഐലീഗിലും ഐഎസ്എല്ലിലുമെല്ലാം കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇടയ്ക്ക് ഉപ്പയും വിട്ടുപിരിഞ്ഞു. ആകെയുള്ള തണല്‍ ഉമ്മയാണ്. ഉമ്മയ്ക്കും അസുഖമാണ് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും തളര്‍ന്നു. എന്നാല്‍ പടച്ചവന്‍ കൂടെയുണ്ടെന്ന ഉമ്മയുടെ വാക്കുകളാണ് ഇപ്പോഴത്തെ ശക്തിയെന്നും അനസ്...

പല കുടുംബങ്ങളുടേയും ഏക പ്രതീക്ഷയായ വ്യക്തിക്കായിരിക്കും കാന്‍സര്‍ ബാധിച്ചിട്ടുണ്ടാവുക. ബില്ലടക്കാന്‍ ക്യൂ നില്‍ക്കുന്നവരുടെ മുഖത്ത് നിന്നും എല്ലാം വായിച്ചെടുക്കാം. സ്വന്തം മകളുടെ അസുഖം മാറാന്‍ ആരോ പറഞ്ഞത് അനുസരിച്ച് നഗരത്തിലെ വലിയ ആശുപത്രിയില്‍ അവളെ കൊണ്ടുവന്ന സ്ത്രീയെയാണ് അവസാനം കണ്ടത്. കീമോ ഇഞ്ചക്ഷന് പണം തികയ്ക്കാന്‍ ആശുപത്രിയില്‍ എത്തുന്ന ഓരോരുത്തരോടായി മനസില്ലാ മനസോടെ കൈ നീട്ടുകയാണ് അവര്‍. 2,600 രൂപ കയ്യിലുണ്ട്. ഇനി വേണ്ട നൂറ് രൂപയ്ക്ക കൂടി വേണ്ടി അലയുമ്പോഴാണ് ഞാന്‍ അവരെ കണ്ടത്. അവരില്‍ ഞാന്‍ കണ്ടത് എന്റെ ഉമ്മയെ തന്നെയാണെന്നും അനസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com