യോയോ ടെസ്റ്റ് പാസായി സഞ്ജു സാംസണ്‍; ടെസ്റ്റിന്റെ പേരില്‍ സഞ്ജുവിന് ഇന്ത്യ എ ടൂര്‍ നഷ്ടമായത് മറക്കരുതെന്ന് ശശി തരൂര്‍

ഒരു മാസം മുന്‍പ് പരാജയപ്പെട്ട യോയോ ടെസ്റ്റ് പാസായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍
യോയോ ടെസ്റ്റ് പാസായി സഞ്ജു സാംസണ്‍; ടെസ്റ്റിന്റെ പേരില്‍ സഞ്ജുവിന് ഇന്ത്യ എ ടൂര്‍ നഷ്ടമായത് മറക്കരുതെന്ന് ശശി തരൂര്‍

ബംഗളൂരു: ഒരു മാസം മുന്‍പ് പരാജയപ്പെട്ട യോയോ ടെസ്റ്റ് പാസായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. 17.3 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയാണ് സഞ്ജു സാംസണ്‍ യോയോ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായത്. കഴിഞ്ഞ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്  ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു. 16.1 എന്നതാണ് ടെസ്റ്റ് പാസാകാനുള്ള സ്‌കോര്‍. ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ഫിറ്റ്‌നെസ് ടെസ്റ്റ് നടന്നത്. 

അതേസമയം യോയോ ടെസ്റ്റിനെതിരേ പലരും നേരത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ടെസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി. നാലാഴ്ചയ്ക്കുള്ളില്‍ 15.6 എന്ന സ്‌കോറില്‍ നിന്ന് 17.3 എന്ന സ്‌കോറിലേക്ക് സഞ്ജു ഇപ്പോള്‍ ഉയര്‍ന്നുവെങ്കിലും ഇതിനിടയില്‍ താരത്തിനു ഇന്ത്യ എ ടൂര്‍ നഷ്ടമായത് മറക്കരുതെന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയെ ഓര്‍മ്മപ്പെടുത്തി. 

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുക്കല്‍ മാനദണ്ഡമായി ഇതിനെ പരിഗണിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് നേരത്തെ മുന്‍ താരങ്ങളടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് പരാജയപ്പെട്ട ടെസ്റ്റ് വീണ്ടും എടുത്ത് താരങ്ങള്‍ പാസാകുമ്പോള്‍ എന്താണിതിന് അടിസ്ഥാനമെന്നാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com