ഓര്‍മയില്‍ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനല്‍; മുഹമ്മദ് കൈഫ് വിരമിച്ചു

ഓര്‍മയില്‍ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനല്‍; മുഹമ്മദ് കൈഫ് വിരമിച്ചു

ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്ന മുഹമ്മദ് കൈഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച് ശ്രദ്ധേയനായി തുടങ്ങിയ കൈഫ് ദേശീയ ടീമിലെത്തി നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് പ്രശസ്തിയുടെ കൊടുമുടി കയറിയത്. 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് കൈഫ്. 12 വര്‍ഷം മുന്‍പാണ് കൈഫ് അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. 2000ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെയാണ് കൈഫ് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയത്. 13 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 624 റണ്‍സ് സമ്പാദ്യം. 2006ല്‍ വെസ്റ്റിന്‍ഡീസിനെതിരേ അവസാന ടെസ്റ്റ്. 2002ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 125 ഏകദിനങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2753 റണ്‍സ് നേടി. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന ഏകദിനം. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന കൈഫ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

ഫീല്‍ഡിങില്‍ മാത്രമല്ല നിര്‍ണായക ഇന്നിങ്‌സിലൂടെ പല ഘട്ടങ്ങളിലും ഇന്ത്യയുടെ അഭിമാന താരമായ കൈഫ് 2002ല്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് ട്രോഫി ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ കൈഫ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഫൈനലില്‍ പുറത്താകാതെ 87 റണ്‍സ് നേടിയാണ് കൈഫ് ഇന്ത്യയുടെ വിജയ നായകനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com