ബോളുകൊണ്ട് കുല്‍ദീപും ബാറ്റുകൊണ്ട് രോഹിത്തും കളം നിറഞ്ഞു; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്  

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം
ബോളുകൊണ്ട് കുല്‍ദീപും ബാറ്റുകൊണ്ട് രോഹിത്തും കളം നിറഞ്ഞു; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്  

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 269റണ്‍സ് വിജയലക്ഷ്യം 40.1 ഓവറില്‍ മറികടന്നാണ് ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. 136റണ്ണെടുത്ത് പുറത്താകാതെ നിന്ന് രോഹിത് ശര്‍മ്മയും ഇംഗ്ലണ്ട് പടയുടെ ആറ് വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവും ഇന്ത്യയുടെ വിജയശില്പികളായി. അര്‍ധസെഞ്ചുറിയുമായി നായകന്‍ വിരാട് കൊഹ്ലിയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 

ടോസ്‌നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ പട ഒരു പന്തു ബാക്കിനില്‍ക്കെ 268റണ്‍സിന് ഇംഗ്ലീഷ് താരങ്ങളെ ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.5 ഒാവര്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം പിന്നിടുകയായിരുന്നു. ആദ്യ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 73റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. 11ഓവര്‍ എറിയാനായി ഇടങ്കൈയന്‍ സ്പിന്നര്‍ കുല്‍ദീപിനെ ഇറക്കിയ നായകന്‍ കൊഹ്ലിയുടെ തന്ത്രം കളിയുടെ ഗതി തിരിച്ചുവിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കുല്‍ദീപിന് മുന്നില്‍ അടിയറവുപറഞ്ഞു. ഒമ്പതു റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ പിന്നീടൊരു മികച്ച കൂട്ടുകെട്ട് പിറന്നത് ആഞ്ചാം വിക്കറ്റില്‍ ജോസ് ബട്‌ലര്‍ക്കും സ്‌റ്റോക്‌സിനും ഇടയിലാണ്. ഇത് പൊളിഞ്ഞതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 250 കടത്തിയത്. 

ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തില്‍ മറുപടി  ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മത്സരത്തിലെ ആധിപത്യം ഒരു ഘട്ടത്തിലും കൈവിട്ടില്ല. 40 റണ്‍സെടുത്ത് ധവാന്‍ മടങ്ങിയെപ്പോള്‍ രോഹിതിന് കൂട്ടായി കളത്തിലെത്തിയ കൊഹ്ലിയും മികച്ചുനിന്നു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ 167റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൊഹ്ലി പുറത്തായ ശേഷമെത്തിയ കെ എല്‍ രാഹുലിനൊപ്പം രോഹിത് ഇന്ത്യയെ വീജയത്തിലെത്തിച്ചു. നാലു സിക്‌സറും 15 ബൗണ്ടറികളും നിറഞ്ഞതായിരുന്നു രോഹിത്തിന്റെ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com