പ്രതിഷേധിച്ചാല്‍ പിടിയിലാകും; ലോകകപ്പ് ഫൈനലിനിടെ മൈതാനം കൈയേറിയവര്‍ക്ക് 15 ദിവസത്തെ ജയില്‍ ശിക്ഷ

ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ പുസി റിയോട്ട് ഫെമിനിസ്റ്റ് പങ്ക് ഗ്രൂപ്പിലെ നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
പ്രതിഷേധിച്ചാല്‍ പിടിയിലാകും; ലോകകപ്പ് ഫൈനലിനിടെ മൈതാനം കൈയേറിയവര്‍ക്ക് 15 ദിവസത്തെ ജയില്‍ ശിക്ഷ

മോസ്‌ക്കോ: ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ പുസി റിയോട്ട് ഫെമിനിസ്റ്റ് പങ്ക് ഗ്രൂപ്പിലെ നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പൊലീസ് യൂനിഫോം ധരിച്ച് മൈതാനത്തേക്ക് അതിക്രമിച്ചു കയറിയതിനാണ് മോസ്‌ക്കോ കോടതി നാല് പേരെയും 15 ദിവസത്തേക്ക്  ജയലിലടയ്ക്കാന്‍ ഉത്തരവിട്ടത്. വെറോണിക്ക നികുല്‍ഷിന, ഓള്‍ഗ കുറചേവ, ഓള്‍ഗ പഖതുസോവ, യോട് വെര്‍സിലോവ് എന്നീ പ്രവര്‍ത്തകര്‍ക്കാണ് ശിക്ഷ. 15 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം മൂന്ന് വര്‍ഷത്തേക്ക് കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കുന്നതിനും കോടതി ഇവരെ വിലക്കിയിട്ടുണ്ട്. 

ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ അരങ്ങേറവേ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് പേരും പൊലീസ് യൂനിഫോം ധരിച്ച് മൈതാനം കൈയേറിയത്. റഷ്യന്‍ ജനതയ്ക്ക്  നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ചാണ് അവര്‍ മൈതാനത്തേക്കിറങ്ങിയത്. റാലികളിലും മറ്റ്  പ്രകടനങ്ങളിലും പങ്കെടുക്കുന്ന ജനങ്ങളെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. 

റഷ്യന്‍  പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള ലോക നേതാക്കളെ ദൃക്‌സാക്ഷികളാക്കിയായിരുന്നു പുസി റിയോട്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം. 2012ല്‍ പുടിന്‍ വിരുദ്ധ ഗാനങ്ങളാലപിച്ചാണ് ഈ കൂട്ടായ്മ നേരത്തെ ശ്രദ്ധ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com