സര്‍ക്കാര്‍ വഞ്ചിച്ചു; ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന് ലഭിച്ച പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങള്‍ ഭാര്യ തിരിച്ചേല്‍പ്പിക്കാനൊരുങ്ങുന്നു 

വാഗ്ദാനങ്ങള്‍ പാലിക്കാത്ത  കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പര്‍വീണ്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്
സര്‍ക്കാര്‍ വഞ്ചിച്ചു; ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന് ലഭിച്ച പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങള്‍ ഭാര്യ തിരിച്ചേല്‍പ്പിക്കാനൊരുങ്ങുന്നു 

ലക്‌നൗ:  ഇന്ത്യന്‍ ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ ഭാര്യ പര്‍വിന്‍  ഷാഹിദ് ഭര്‍ത്താവിന് ലഭിച്ച പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത  കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പര്‍വീണ്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ടാം ചരമ വാര്‍ഷികമായ 20ന് മെഡലുകള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിക്കാനാണ് പര്‍വീണിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പര്‍വീണ്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിട്ടുണ്ട്. 

1980ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു മുഹമ്മദ് ഷാഹിദ്. കളത്തിലെ മികവ് അടിസ്ഥാനമാക്കി മാസ്റ്റര്‍ ഡ്രിബ്ലര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 1980-81 കാലത്ത് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1986ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ സമ്മാനിച്ചത്. 2016 ജൂലൈ 20നാണ് മുഹമ്മദ് ഷാഹിദ് മരണമടഞ്ഞത്.

അദ്ദേഹം മരിച്ച ദിവസം വീട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര  മോദിയടക്കം കേന്ദ്രത്തിലേയും ഉത്തര്‍പ്രദേശിലേയും മന്ത്രിമാര്‍ വലിയ വലിയ വാഗ്ദാനങ്ങളാണ് തന്നത്. ഒരു സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കാം എന്ന് പറഞ്ഞിരുന്നു.  വാരാണസിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ഹോക്കി ടൂര്‍ണമെന്റ് ആരംഭിക്കുമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ ഇതില്‍ ഒന്ന് പോലും ഇത്രയും കാലമായി നടപ്പില്‍ വരുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അദ്ദേഹം പത്മശ്രീ നേടിയ സുവര്‍ണ നേട്ടം സ്വന്തമാക്കിയ ഒളിംപ്യനാണ്. എന്നിട്ടും ഒരു ടൂര്‍ണമെന്റിനും ഒരു സ്റ്റേഡിയത്തിനും അദ്ദേഹത്തിന്റെ പേര്  നല്‍കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ മെഡലുകള്‍ കൊണ്ട് എന്ത് പ്രയോജനം എന്നും പര്‍വീണ്‍ ചോദിക്കുന്നു. വാരാണസിയില്‍  അവസാനമായി നരേന്ദ്ര മോദി വന്ന ദിവസം പല സമയത്തായി അദ്ദേഹത്തെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ തുനിഞ്ഞെങ്കിലും അതിനുള്ള അവസരങ്ങള്‍  അധികൃതര്‍ നിഷേധിച്ചതായും പര്‍വീണ്‍ വ്യക്തമാക്കി. 

മുഹമ്മദ് ഷാഹിദിന്റെ പേരിലുള്ള പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമെന്ന് പര്‍വീണ്‍ പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച മൂന്ന് ലക്ഷം രൂപയുടെ സമ്മാന തുക വച്ച് കഴിഞ്ഞ വര്‍ഷം മുഹമ്മദ് ഷാഹിദിന്റെ ജന്മദിനത്തില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഒരു ഹോക്കി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും അതും ലഭിച്ചിട്ടില്ല. മുന്‍പ് മുഹമ്മദ്  ഷാഹിദ് ഒരു ഡീസല്‍ റെയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം ആ ജോലി മകന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com