പുതു താരങ്ങളെ തേടി സച്ചിന്‍; മിഡ്ഡ്ല്‍സെക്‌സിനൊപ്പം ആഗോള അക്കാദമിയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

പുതു താരങ്ങളെ തേടി സച്ചിന്‍; മിഡ്ഡ്ല്‍സെക്‌സിനൊപ്പം ആഗോള അക്കാദമിയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ടെണ്ടുല്‍ക്കര്‍ മിഡ്ഡ്ല്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി (ടി.എം.ജി.എ) എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറ്റ് കായിക വിനോദങ്ങളുടെ പ്രചാരണവും മറ്റുമായി വലിയ വലിയ ഇന്നിങ്‌സുകള്‍ തുടരുന്നുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെയും ബംഗളൂരു ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടീമിന്റേയും ഉടമസ്ഥതയും സ്വന്തമാക്കി അദ്ദേഹം ക്രിക്കറ്റിനപ്പുറം ഇന്ത്യന്‍ കായിക ലോകത്തിലേക്ക് തന്നെ ഇറങ്ങി വരികയാണുണ്ടായത്. ഇപ്പോഴിതാ സച്ചിന്‍ മറ്റൊരു ബൃഹത് സംരഭത്തിന് തുടക്കമിടുന്നു. 

ഇംഗ്ലണ്ടിലെ പ്രസിദ്ധ കൗണ്ടി ടീമായ മിഡ്ഡ്ല്‍സെക്‌സുമായി ചേര്‍ന്ന് സച്ചിന്‍ ഒരു ഗ്ലോബല്‍ അക്കാദമി രൂപീകരിച്ചു. ടെണ്ടുല്‍ക്കര്‍ മിഡ്ഡ്ല്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി (ടി.എം.ജി.എ) എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്. ഒന്‍പത്  വയസ് മുതല്‍ 14 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പാഠങ്ങള്‍ പകരുകയാണ് അക്കാദമിയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് സച്ചിന്‍ നേരിട്ട് പരിശീലനം നല്‍കും എന്നതാണ് അക്കാദമിയുടെ ഹൈലൈറ്റ്. സച്ചിനൊപ്പം മിഡ്ഡ്ല്‍സെക്‌സ് ടീമും പരിശീലനത്തില്‍ പങ്കാളികളാകും. ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനൊപ്പം തന്നെ മികച്ച ക്രിക്കറ്റ് പരിശീലകരെ രൂപപ്പെടുത്തിയെടുക്കാനുള്ള കരിക്കുലം നിര്‍മിക്കാനും അക്കാദമി പദ്ധതിയിടുന്നുണ്ട്. 

അക്കാദമിയുടെ ആദ്യ പരിശീലന ക്യാമ്പ് ഓഗസ്റ്റ് ആറ് മുതല്‍ ഒന്‍പത് വരെ ഇംഗ്ലണ്ടിലെ നോര്‍ത്ത്‌വുഡിലുള്ള മര്‍ച്ചന്റ് ടയ്‌ലേഴ്‌സ് സ്‌കൂളില്‍ അരങ്ങേറും. പിന്നീട് മുംബൈ, ലണ്ടന്‍ നഗരങ്ങളിലും ക്യാമ്പുകള്‍ നടക്കും. 

മിഡ്ഡ്ല്‍സെക്‌സുമായി ചേര്‍ന്നുള്ള സംരഭത്തിന് തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍  പറഞ്ഞു. മികച്ച  ക്രിക്കറ്റ് താരങ്ങളെ അവതരിപ്പിക്കുക മാത്രമല്ല ആഗോള പൗരന്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവും അക്കാദമിക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com