ഇതായിരുന്നു അവിടെ സംഭവിച്ചത്; ഹാഫ് ടൈമിന് പിരിഞ്ഞപ്പോൾ ദെഷാംപ്സ് അവരോടായി പറഞ്ഞു

ഫ്രഞ്ച് ടീമിന്റെ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു
ഇതായിരുന്നു അവിടെ സംഭവിച്ചത്; ഹാഫ് ടൈമിന് പിരിഞ്ഞപ്പോൾ ദെഷാംപ്സ് അവരോടായി പറഞ്ഞു

ലോകപ്പ് പോരാട്ടങ്ങൾ അവസാനിച്ച് ഫ്രാൻസ് കപ്പ് നേടിയിട്ടും വാർത്തകൾ തുടരുകയാണ്. ഇപ്പോഴിതാ‌ ഫ്രഞ്ച് ടീമിന്റെ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ക്രൊയേഷ്യക്കെതിരായ ലോകകപ്പ് ഫൈനലിന്റെ ഹാഫ് ടൈമില്‍ ഡ്രസിങ്‌
റൂമിൽ വച്ച് ടീമിനോട് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പറയുന്ന വാക്കുകളാണ് പുറത്തുവന്നരിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാന്‍സ് മുന്നിട്ടുനില്‍ക്കുന്ന സമയമായിരുന്നു അത്. താരങ്ങളെ വാക്കുകളിലൂടെ ദെഷാംപ്‌സ് പ്രചോദിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. അവിശ്വസനീയമായവും മനോഹരവുമായ വീഡിയോ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ഫ്രാൻസ് കളിച്ച രീതി ഓർത്ത് ഇത് വായിക്കുമ്പോഴാണ് ദെഷാംപ്സെന്ന ചാണക്യൻ തന്റെ ടീമിനെ എങ്ങനെ വിശ്വ കിരീടത്തിലേക്ക് നയിച്ചു എന്ന് പൂർണമായി മനസിലാക്കാൻ സാധിക്കു. 

' മാൻസുകിചിനെ സൂക്ഷിക്കണം. മന്‍സുകിചിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങള്‍ തടയണം. അയാളുടെ കാലിലോ തലയിലോ പന്ത് കിട്ടിയാല്‍ അത് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ കഴിയും. അത് സൂക്ഷിക്കണം. അയാളുടെ നീക്കങ്ങളെ നിയന്ത്രിക്കണം. കണ്ടില്ലേ, അവര്‍ അവരുടെ ശരീരവും കൈമുട്ടുമുപയോഗിക്കുന്നത്. അവരുടെ അക്രമോണത്സുകതയും ഊര്‍ജ്ജവും നമ്മള്‍ കണ്ടതാണ്. കളി കൂടുതല്‍ കഠിനമാക്കതെ ലളിതമായി കളിക്കുക. നിങ്ങളുടെ കാലില്‍ പന്തുള്ളപ്പോള്‍ എതിരാളി വന്നാല്‍ അത് സഹ താരത്തിന് കൈമാറുക. അങ്ങനെ കൈമാറി കൈമാറി കെയ്ലിയന് (എംബാപ്പെ) നല്‍കുക. കൗണ്ടര്‍ അറ്റാക്കിന്റെ സമയത്ത് അന്റോയിൻ (ഗ്രീസ്മാന്‍) അറ്റാക്കേഴ്‌സിന്റെ അടുത്താണ് നില്‍ക്കുന്നത്. അതിന് പകരം ഒരു ഓപ്ഷനായി നിന്നെ ഞങ്ങൾക്ക് വേണം. 45 മിനിട്ടുകളാണ് ഇനി ബാക്കിയുള്ളത്. അടുത്തതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. തല ഉയര്‍ത്തിപ്പിടിക്കുക സ്വസ്ഥമാകുക. പന്ത് കാലില്‍ കിട്ടിയാല്‍ കുതിക്കുക അത് ഫോർവേഡിന് കൈമാറുക'-  ദെഷാംപ്സ് ടീമം​ഗങ്ങളോടായി പറഞ്ഞു.


ദെഷാംപ്സിന്റെ സംസാര ശേഷം ഗ്രീസ്മാനും റാഫേൽ വരാനെയും പോൾ പോ​ഗ്ബയും  സഹതാരങ്ങളെ പ്രചോ​ദിപ്പിക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ കളിക്കാനും നമുക്കത് നേടാന്‍ സാധിക്കുമെന്നും അവസരങ്ങള്‍ ബാക്കി കിടക്കുന്നുണ്ടെന്നും ഗ്രീസ്മാൻ പറയുന്നു. സ്വസ്ഥമായി കളിക്കാനും ​ഗ്രീസ്മാൻ സഹ താരങ്ങളോട് പറയുന്നുണ്ട്. റൂമിലെ ടേബിളിൽ അടിച്ചാണ് വരാനെ ടീമിനെ ഉണർത്തുന്നത്. പന്ത് നിലനിർത്തി കളിക്കുന്നതിൽ അമിതമായി ശ്രദ്ധിക്കരുത്. പോസിറ്റീവായി ചിന്തിക്കു എന്നും വരാനെ പറയുന്നു. 45 മിനുട്ടുകൾ കൊണ്ട് നമ്മൾ വിജയിക്കാൻ പോകുകയാണെന്നും വരാനെ സഹ താരങ്ങളോടായി പറയുന്നുണ്ട്. ബി പോസിറ്റീവെന്ന വാക്കുമായാണ് പോ​ഗ്ബയും ടീമിന് ആവേശം പകർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com