അശോക ചക്രമില്ലാതെ ഇന്ത്യന്‍ പതാക; വിവാദമായതോടെ ക്ഷമ ചോദിച്ച് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍

വനിതാ ഹോക്കി ലോക കപ്പിന്റെ പ്രമോഷണല്‍ ചടങ്ങിന് ഇടയിലായിരുന്നു അശോക ചക്രമില്ലാത്ത ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചത്
അശോക ചക്രമില്ലാതെ ഇന്ത്യന്‍ പതാക; വിവാദമായതോടെ ക്ഷമ ചോദിച്ച് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍

ന്യൂഡല്‍ഹി: അശോക ചക്രമില്ലാത്ത ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചത് വിവാദമായതോടെ ക്ഷമ ചോദിച്ച് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. ലണ്ടന്‍ വേദിയാകുന്ന വനിതാ ഹോക്കി ലോക കപ്പിന്റെ പ്രമോഷണല്‍ ചടങ്ങിന് ഇടയിലായിരുന്നു അശോക ചക്രമില്ലാത്ത ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചത്. 

ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതോടെയാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ സംഭവത്തില്‍ ക്ഷമ ചോദിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഫോട്ടോഷൂട്ട് സംഘാടകരുമായി ബന്ധപ്പെട്ടുവെന്നും അശോകചക്രമില്ലാത്ത ദേശീയ പതാക നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായും രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കി. 

ഹോക്കി ഇന്ത്യ സംഭവത്തില്‍ രാജ്യാന്തര ഹോക്കി ഫെഡറേഷനെ അനിഷ്ടം അറിയിച്ചിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളുടേയും നായകന്മാര്‍ പ്രൊമേഷണല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഓരോ രാജ്യത്തിന്റേയും പതാകയ്‌ക്കൊപ്പം ഇവര്‍ അണിനിരന്നു. 

ഇന്ത്യന്‍ നായിക റാണി റാംപാലും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തെങ്കിലും പതാകയ്‌ക്കൊപ്പം അശോക ചക്ര ഇല്ലെന്ന് വ്യക്തമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കാനിരിക്കെയാണ് ദേശീയ പതാകയെ ചൊല്ലി വിവാദം ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com