റഷ്യയില്‍ ആഫ്രിക്ക മാഞ്ഞത് എങ്ങിനെ എന്നറിയണം; ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു

ലോക കപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നിലുള്ള കാരണം കണ്ടെത്താന്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയാണ് ആഫ്രിക്കന്‍ ഫുട്‌ബോള്‍
റഷ്യയില്‍ ആഫ്രിക്ക മാഞ്ഞത് എങ്ങിനെ എന്നറിയണം; ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു

റബറ്റ്: റഷ്യയില്‍ ആഫ്രിക്കന്‍ പടയ്ക്ക് പാടെ കാലിടറി. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ, നൈജീരിയ, സെനെഗല്‍ എന്നിവര്‍ക്ക് റഷ്യയില്‍ നിന്നും മടങ്ങേണ്ടി വന്നു. ലോക കപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നിലുള്ള കാരണം കണ്ടെത്താന്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയാണ് ആഫ്രിക്കന്‍ ഫുട്‌ബോള്‍.

രണ്ട് ദിവസങ്ങളിലായി മൊറോക്കോയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്കായി എത്തുന്നത്. 1982ന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ആഫ്രിക്കന്‍ രാജ്യം പ്രീക്വാര്‍ട്ടറിലേക്ക് എത്താതെ പോകുന്നത്. റഷ്യന്‍ ലോക കപ്പിനെത്തിയ രാജ്യങ്ങളുടെ ഫുട്‌ബോള്‍ അധികൃതരും പരിശീലകരും ചര്‍ച്ചയ്‌ക്കെത്തും. 

കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളും മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ക്വാര്‍ട്ടര്‍ വരെ ലോക കപ്പില്‍ എത്തിയിരിക്കുന്നത്. 1990ല്‍ കാമറൂണും, 2002ല്‍ സെനഗലും, 2010ല്‍ ഗാനയുമായിരുന്നു അത്.

കഴിഞ്ഞ ലോക കപ്പുകളില്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ മുന്നേറ്റം ആഫ്രിക്കന്‍ ടീമുകളില്‍ നിന്നും ഇത്തവണ ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എവിടെയാണ് നമുക്ക് തെറ്റിയത് എന്നതിന്റെ കാരണം ഇപ്പോള്‍ കണ്ടെത്തേണ്ടതുണ്ട്. എങ്കിലെ നമ്മുടെ യുവത്വത്തെ ഇനി എങ്ങിനെ ഉപയോഗപ്പെടുത്തി സ്വപ്‌നം യാഥാര്‍ഥ്യമാക്കണം എന്ന് കണ്ടെത്താനാവു എന്ന് ഫിഫയുടെ ലോക കപ്പ് ടെക്‌നിക്കല്‍ പഠന ഗ്രൂപ്പ് അവലോകനത്തില്‍ അംഗമായിരുന്ന ഇമ്മാനുവന്‍ അമ്യുനൈക്ക് ചൂണ്ടിക്കാണിക്കുന്നു. 

ഒരു ആഫ്രിക്കന്‍ ടീമും ഗ്രൂപ്പ് ഘട്ടം പിന്നിട്ടില്ല എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും പ്രതികരിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കുന്നതിന് കുറച്ച് ഭാഗ്യവും വേണം. സെനഗലും, മൊറോക്കോയും നൈജിരിയയുമെല്ലാം നന്നായി കളിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് വിശകലനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com