ഒടുവില്‍ ജര്‍മന്‍ കുപ്പായം അഴിച്ച് ഒാസില്‍; പടിയിറക്കം പൊട്ടിത്തെറിച്ച്‌

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞാണ് വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ താന്‍ ജര്‍മന്‍ ടീമില്‍ നിന്നും പിന്മാറുകയാണെന്ന് ഓസില്‍ പ്രഖ്യാപിക്കുന്നത്
ഒടുവില്‍ ജര്‍മന്‍ കുപ്പായം അഴിച്ച് ഒാസില്‍; പടിയിറക്കം പൊട്ടിത്തെറിച്ച്‌

മ്യൂനിക്ക് ജര്‍മനിക്ക് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് മെസൂട് ഓസില്‍. തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യീബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരിലെ വിവാദങ്ങള്‍ ലോക കപ്പ് തോല്‍വിക്ക് പിന്നാലേയും ശക്തമായതോടെയാണ് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

എര്‍ദോഗന്‍ വിവാദത്തില്‍ അകപ്പെട്ട ഓസീലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ തെറ്റായിരുന്നു എന്ന് ജര്‍മന്‍ പരിശീലക സംഘത്തില്‍ നിന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞാണ് വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ താന്‍ ജര്‍മന്‍ ടീമില്‍ നിന്നും പിന്മാറുകയാണെന്ന് ഓസില്‍ പ്രഖ്യാപിക്കുന്നത്. 

തന്റെ മുന്‍കാമികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായിട്ടാണ് തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസിലെത്തിയതെന്ന് ഓസില്‍ പറയുന്നു. തനിക്ക് നേരെ ജര്‍മന്‍ മാധ്യമങ്ങള്‍ വംശീയ അധിക്ഷേപം നടത്തുകയാണ്. രണ്ട് പാരമ്പര്യം ഞാന്‍ പേറുന്നതില്‍ എന്നെ തുടരെ തുടരെ കുറ്റപ്പെടുത്തുകയാണ് നിങ്ങള്‍. ലോക കപ്പില്‍ ടീം മുഴുവന്‍ പരാജയപ്പെട്ടതിന് എന്നെ മാത്രം തിരഞ്ഞു പിടിച്ചു കുറ്റപ്പെടുത്തുന്നുവെന്നും ഓസില്‍ പ്രസ്താവനയില്‍ പറയുന്നു. 

റഷ്യയില്‍ ജര്‍മനി തോറ്റതിന് കാരണമായി അവര്‍ ഞാനും എര്‍ദോഗനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഉത്തരം പറയുന്നത്. അവര്‍ എന്റെ കളിയെ വിമര്‍ശിക്കുന്നില്ല, ടീമിന്റെ കളിയെ വിമര്‍ശിക്കുന്നില്ല. തുര്‍ക്കിയുമായി എനിക്കുള്ള ബന്ധത്തേയും, എന്റെ മുന്‍ഗാമികളെ ഞാന്‍ ആദരിക്കുന്നതിനേയും ആണ് അവര്‍ വിമര്‍ശിക്കുന്നത്. 

ജര്‍മനിയുടെ മുന്‍ നായകന്‍ ലോതര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ലോക നേതാവിനെ സന്ദര്‍ശിച്ചു. എന്നാല്‍ ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് അത് വിഷയമേ അല്ലെന്നും ഓസില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com