ജയിക്കുമ്പോള്‍ ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമാണ്; ഒസിലിന്റെ വേരിലേക്ക് തിരിഞ്ഞ വംശീയത

പരാജയപ്പെട്ടപ്പോഴായിരുന്നു തുര്‍ക്കി വംശജരാണ്, മുസ്ലീം വംശജരാണ് ഒസിലിന്റെ മാതാപിതാക്കള്‍ എന്ന് അവര്‍ ഓര്‍ത്തത്
ജയിക്കുമ്പോള്‍ ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമാണ്; ഒസിലിന്റെ വേരിലേക്ക് തിരിഞ്ഞ വംശീയത

2010ല്‍ റയലിലേക്ക് ഓസില്‍ എത്തുമ്പോള്‍ ഒപ്പുവെച്ച കരാറില്‍ ഒരു വകുപ്പുണ്ടായിരുന്നു, ബാലന്‍ ദി ഓര്‍ ജയിച്ചാല്‍ ഒരു മില്യണ്‍ യൂറോ ബോണസായി തനിക്ക് നല്‍കണം എന്ന്. കളിക്കളത്തില്‍ എന്നും കാണിച്ച ആ ആത്മവിശ്വാസം കയ്യില്‍ പിടിച്ച് ഒന്നുകൂടി പൊരുതി നോക്കുകയായിരുന്നു, എങ്കിലും ഒടുവില്‍ ഓസില്‍ തോല്‍വി സമ്മതിച്ചു. 

ജന്മം കൊണ്ട് ജര്‍മനാണ് മെസൂട് ഓസില്‍. പക്ഷേ ജയിക്കുമ്പോള്‍ മാത്രം ഞാന്‍ ജര്‍മന്‍കാരനാവുന്നു എന്നാണ് ഓസില്‍ ഇപ്പോള്‍ പറയുന്നത്. തോല്‍ക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കുടിയേറ്റക്കാരന്‍ മാത്രമാണ്.

2014ലെ ലോക കപ്പ് വിജയിയാണ്. എന്നാല്‍ ജര്‍മന്‍ കുപ്പായം അണിയുമ്പോള്‍ ഓസില്‍ ആത്മാര്‍ഥത ഇല്ലാതെ കളിക്കുന്നു എന്നാണ് ജര്‍മന്‍ മാധ്യമങ്ങളും, രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങളും പറയുന്നത്. കാരണം പരാജയപ്പെട്ടപ്പോഴായിരുന്നു തുര്‍ക്കി വംശജരാണ്, മുസ്ലീം വംശജരാണ് ഒസിലിന്റെ മാതാപിതാക്കള്‍ എന്ന് അവര്‍ ഓര്‍ത്തത്. 

കളിക്കളത്തിന് പുറത്ത് ഒസിലിന്റെ സ്വരം ഉയര്‍ന്നു കേട്ടിട്ടില്ല. നാണം കുണുങ്ങിയാണ് അദ്ദേഹം. ഗ്രൗണ്ടില്‍ പന്ത് തട്ടിയായിരുന്നു ഓസില്‍ ഇതുവരെ മറുപടികള്‍ നല്‍കിയിരുന്നത്. നിശബ്ദനായി കളിച്ചു വിമര്‍ശകരുടെ വായടപ്പിച്ചിരുന്ന ഇരുപത്തിയൊമ്പതുകാരന് ജര്‍മന്‍ ജേഴ്‌സി അഴിക്കുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വന്നു. റഷ്യയില്‍ നിന്നും തോറ്റു മടങ്ങിയതിന് പിന്നാലെ എര്‍ദോഗന്‍ വിവാദം ശക്തമായതോടെ പിതാവ് വരെ ഓസിലിനോട് ജര്‍മന്‍ കുപ്പായം അഴിച്ചു മാറ്റാന്‍ നിര്‍ദേശിച്ചു. പക്ഷേ നിശബ്ദനായി നിന്ന് പൊരുതി  നോക്കുകയായിരുന്നു ഓസില്‍.

കോച്ചിനും ടീമിനും ക്ലബിനുമെല്ലാം തന്നില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അവിടെ തുടരില്ലെന്ന് ഓസില്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്, റയലില്‍ നിന്നും പുറത്തു വന്നുകൊണ്ട്. പക്ഷേ എര്‍ദോഗന്‍ വിവാദം കത്തിയപ്പോഴേയും ഓസില്‍ ലോക കപ്പിനുള്ള ജര്‍മന്‍ ടീമില്‍ തുടരാന്‍ തയ്യാറായി. കാരണം പരിശീലകന്‍ ലോയ്ക്ക് ഓസിലില്‍ സംശയമേതും ഇല്ലായിരുന്നു. 

ലോയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ആദ്യം വരുന്ന പേര്. പക്ഷേ സ്വീഡനെതിരായ ലോക കപ്പ് മത്സരത്തില്‍ ഓസിലില്ലാതെ ജര്‍മനി ഇറങ്ങി, 2010ന് ശേഷം ഓസിലിനെ ബെഞ്ചിലിരുത്തി ആദ്യമായി. ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ഓസിലും അവിടെ ഉറപ്പിച്ചു. 

ജര്‍മന്‍ മാധ്യമങ്ങളേയും വംശീയതയേയും വലതുപക്ഷ രാഷ്ട്രീയ നീക്കങ്ങളേയുമെല്ലാം എണ്ണിയെണ്ണി വിമര്‍ശിച്ചാണ് ഒസില്‍ പടിയിറങ്ങുന്നത്. എന്റെ പാരമ്പര്യത്തേയും ആ ഫോട്ടോയ്ക്ക് പിന്നിലുള്ള കാര്യത്തേയുമെല്ലാം കുറിച്ച് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം പറയാനായിരുന്നു ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന റെയിന്‍ഹാര്‍ഡ് ഗ്രിന്‍ഡെലിന് താത്പര്യം എന്ന് ഓസിലിപ്പോള്‍ തുറന്നടിക്കുന്നു. 

ആ ഫോട്ടോയ്ക്ക് നേരെ ചൂണ്ടി എന്നെ ടീമില്‍ നിന്നും പുറത്താക്കണം എന്നായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ലോയും ഒലിവര്‍ ബിര്‍ഹോഫും എനിക്കൊപ്പം നിന്നു. നികുതി അടയ്ക്കുന്നത് ജര്‍മനിക്കാണ്. ജര്‍മനിയിലെ സ്‌കൂളുകള്‍ക്ക് വേണ്ടി ഞാന്‍ ദാനം ചെയ്യുന്നു, 2014ലെ ലോക കപ്പ് ജര്‍മനിക്ക് വേണ്ടി ജയിക്കുന്നു. എന്നിട്ടും എന്നെ സമൂഹം അംഗീകരിക്കുന്നില്ല. 

മുഴുവന്‍ ജര്‍മനാവാന്‍ എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടോ?  സുഹൃത്തുക്കളായ ലുകാസിനേയും പൊഡൊളോസ്‌കിയും മിറോസ്ലാവിനേയും ജെര്‍മന്‍-പോളിഷ് എന്ന് നിങ്ങള്‍ വിശേഷിപ്പിക്കാറില്ല. പിന്നെ എന്നെ മാത്രം എന്തുകൊണ്ട് ജര്‍മന്‍-തുര്‍ക്കിഷ് എന്ന് കാണുന്നുവെന്ന ചോദ്യമാണ് ജര്‍മനിക്ക മുന്നില്‍ ഓസില്‍ വയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com